മാലിയിൽ വിമത ആക്രമണം; ഗാവോ, സെവാരെ നഗരങ്ങൾ ലക്ഷ്യമിട്ട് നീക്കം

ബമാകോ: മാലിയിലെ ഗാവോ, സെവാരെ എന്നിവയുൾപ്പെടെ വടക്കൻ നഗരങ്ങൾ ലക്ഷ്യമിട്ട് വിമത ആക്രമണം രൂക്ഷമായി. പോരാട്ടം തുടരുന്നതായി മാലി സൈന്യം അറിയിച്ചു. വടക്കൻ നഗരമായ 'അനെഫിസ്' ആണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് അസവാദ് ലിബറേഷൻ ഫ്രണ്ട് വക്താവ് മുഹമ്മദ് എൽമൗലൂദ് റമദാൻ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.
മാലിയിലെ നിലവിലെ ആഭ്യന്തരയുദ്ധവും വിമത ആക്രമണങ്ങളും പ്രധാനമായും നടക്കുന്നത് രാജ്യത്തിന്റെ വടക്കൻ-മധ്യ മേഖലകളിലാണ് ഗാവോ, സെവാരെ, അനെഫിസ് തുടങ്ങിയ നഗരങ്ങളിൽ പോരാട്ടം തുടരുന്നു. തലസ്ഥാനമായ ബമാകോ സ്ഥിതി ചെയ്യുന്നത് രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായതിനാൽ, വടക്കൻ മേഖലകളെ അപേക്ഷിച്ച് ഇവിടെ സൈന്യത്തിന് കൂടുതൽ നിയന്ത്രണമുണ്ട്. തലസ്ഥാനമായ ബമാകോയിൽ നിന്ന് 74 കിലോമീറ്റർ മാത്രം അകലെയുള്ള കെനിയറോബയിലെ ഒരു പ്രധാന ജയിൽ സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായതായി പ്രദേശവാസികളെയും സുരക്ഷാ വൃത്തങ്ങളെയും ഉദ്ധരിച്ച് എഎഫ്പി റിപ്പോര്ട് ചെയ്തു.
അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനകളുമായി ബന്ധമുള്ള തീവ്രവാദികളിൽ നിന്നും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ വിഘടനവാദികളിൽ നിന്നും മാലി മുൻപും വലിയ രീതിയിലുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. വടക്കൻ മാലിയിൽ ഒരു സ്വതന്ത്ര രാജ്യം രൂപീകരിക്കുന്നതിനായി വിഘടനവാദികൾ വർഷങ്ങളായി പോരാടുകയാണ്. മാലിക്കൊപ്പം അയൽരാജ്യങ്ങളായ നൈജറും ബുർക്കിനാ ഫാസോയും വിഘടനവാദികൾക്കെതിരെ പോരാടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ അവസാന വാരത്തിൽ എഫ് എൽ എയും അൽ-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമായ JNIM-ഉം സംയുക്തമായി നടത്തിയ ആക്രമണത്തിൽ മാലി പ്രതിരോധ മന്ത്രി വസതിയിൽ വെച്ച് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ വടക്കൻ മേഖലയിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം വിമതർ പിടിച്ചെടുക്കുകയും ചെയ്തു.











0 comments