മലയോളം വൊസീന്യ; കുഞ്ഞൻ നാടിനെ കാത്ത വലിയ കൈകൾ

Federação Cabo-verdiana de Futebol | facebook.com/photo
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തങ്ങളുടെ പേര് കൂട്ടിച്ചേർത്താണ് ആഫ്രിക്കൻ കുഞ്ഞൻമാരായ കേപ് വെർദെ നാട്ടിലേക്ക് മടങ്ങുന്നത്. ലോകകപ്പ് അരങ്ങേറ്റത്തില്‍ വൊസീന്യയും സംഘവും എതിരാളികളെ സധൈര്യം നേരിട്ടു. മുൻ ലോകചാമ്പ്യന്മാരായ സ്‌പെയ്‌നെയും ഉറുഗ്വായ്‌യെയും ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെയും സമനിലയിൽ തളച്ച ടീം റൗണ്ട് 32ൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അർജന്റീനയോട് 3-2ന് തോറ്റെങ്കിലും, ലോകത്തിന്റെ മുഴുവൻ കൈയടികളുമായാണ് നാൽപ്പതുകാരനും സംഘവും കളംവിട്ടത്.
വൊസീന്യയുടെ കരുത്തുറ്റ കൈകളാണ് കുഞ്ഞൻ രാജ്യത്തെ കാത്തത്. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസിന്റെ താരമായ നാൽപ്പതുകാരന്റെ മികവ് ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു. കളികളിൽ മുന്നേറ്റക്കാർ കേപ് വെർദെയുടെ പ്രതിരോധം തകർത്തപ്പോഴെല്ലാം വൊസീന്യ കോട്ടകെട്ടി നെഞ്ചുവിരിച്ച് നിന്നു. ഗോളെന്നുറച്ച നിമിഷങ്ങളിൽ രക്ഷകനായി. പലപ്പോഴും മത്സരങ്ങൾ എതിരാളികളും വൊസീന്യയും തമ്മിലുള്ള പോരാട്ടമായി. ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്നായി 18 സേവുകളാണ് താരം നടത്തിയത്.
റൗണ്ട് 32ൽ ലോകകപ്പിലെ ടോപ് സ്കോററും സൂപ്പർ താരവുമായ മെസിയും വൊസീന്യയും തമ്മിലുള്ള പോരാട്ടമാണ് കളത്തിൽ കണ്ടത്. മെസ്സിയുടെ നാലോളം മികച്ച ഷോട്ടുകളെ വൊസീന്യ തടുത്തിട്ടു. അർജന്റീനയുടെ കടുപ്പമേറിയ ആക്രമണങ്ങളെ അതിജീവിച്ച് 120 മിനിറ്റ് നീണ്ട പോരാട്ടത്തിൽ കേപ്പ് വെർദെയെ അദ്ദേഹം പിടിച്ചുനിർത്തി. 29-ാം മിനിറ്റിൽ വൊസീന്യയെ മറികടന്ന് മെസി ഗോൾ നേടിയെങ്കിലും പിന്നീട് ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ താരം തടഞ്ഞിട്ടു. 73-ാം മിനിറ്റിൽ മെസിയുടെ ഫ്രീക്ക് മികച്ച ഡൈവിലൂടെ വൊസീന്യ തട്ടിയകറ്റി. എട്ട് സേവുകളാണ് മത്സരത്തിൽ നടത്തിയത്.
യോഗ്യതാ റൗണ്ടിൽ കരുത്തരായ കാമറൂണിനെ അട്ടിമറിച്ച് ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് കേപ് വെർദെ തങ്ങളുടെ ചരിത്രപരമായ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. 2018 ലോകകപ്പ് കളിച്ച ഐസ്‌ലൻഡാണ് ഏറ്റവും ചെറുത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അഗ്‌നിപർവതങ്ങൾ നിറഞ്ഞ പത്ത് ദ്വീപുകൾ ഉൾപ്പെട്ടതാണ് കേപ് വെർദെ എന്ന രാജ്യം. 5,25,000ആണ് ജനസംഖ്യ. ഫിഫ റാങ്കിങ്ങിൽ എഴുപതാം സ്ഥാനം. പോർച്ചുഗീസ് കോളനിയായിരുന്നു. 1975ൽ സ്വതന്ത്രമായി. വമ്പൻമാരെ ഞെട്ടിച്ച് മടങ്ങുമ്പോൾ ഇനി വരുന്ന ലോകകപ്പുകളിൽ കറുത്ത കുതിരകളായാകും കേപ് വെർദെ അറിയപ്പെടുക.











0 comments