ഡിആർഎസ് ചെലവ് കുറയ്ക്കാൻ ഐസിസി; പുതിയ സർട്ടിഫിക്കേഷൻ സംവിധാനത്തിന് നീക്കം

പ്രതീകാത്മക ചിത്രം
എഡിൻബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) കൂടുതൽ ചിലവ് കുറഞ്ഞതാക്കാൻ പുതിയ നടപടികളുമായി ഐസിസി. നിലവിൽ ഡിആർഎസ് സാങ്കേതികവിദ്യ നൽകുന്ന സ്ഥാപനങ്ങളുടെ സേവനം വളരെ ചെലവേറിയതായതിനാൽ, കൂടുതൽ കമ്പനികളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള സർട്ടിഫിക്കേഷൻ സംവിധാനം ഐസിസി നടപ്പിലാക്കുന്നു.
ജൂലൈ 8 മുതൽ 11 വരെ എഡിൻബർഗിൽ നടക്കുന്ന ഐസിസിയുടെ വാർഷിക സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും. നിലവിൽ 'ഹോക്ക്-ഐ', 'വെർച്വൽ ഐ' എന്നീ കമ്പനികൾക്ക് മാത്രമാണ് ഡിആർഎസ് അനുമതിയുള്ളത്.
ഒരു ദിവസത്തെ ഡിആർഎസ് സേവനത്തിനായി ഏകദേശം 10 ലക്ഷം രൂപയോളം ചെലവാകുന്ന സാഹചര്യത്തിൽ, കുറഞ്ഞ ചെലവിൽ ഡിആർഎസ് ലഭ്യമാക്കാൻ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
പുതിയ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ സാങ്കേതികവിദ്യയിൽ കൂടുതൽ മത്സരം വരികയും ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. ഇതോടൊപ്പം മൗറീഷ്യസിന് ഐസിസി അംഗത്വം നൽകുന്ന കാര്യവും സമ്മേളനത്തിൽ ചർച്ചയാകും.










0 comments