ad
Deshabhimani

വിഴിഞ്ഞം ഓഹരി കൈമാറ്റം; 'സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ല', സെബിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jul 04, 2026, 07:16 PM | 2 min read

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ ലംഘനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടി സെബിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓഹരി കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് കത്തുനൽകിയ കാര്യം പുറത്തുവന്നിട്ടും സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും പിണറായി വിജയൻ ഉന്നയിച്ചു.


വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്തിട്ടില്ലെന്നും കേരളത്തിൽ അദാനി ​ഗ്രൂപ്പിന് വഴിവിട്ട സഹായം നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


'ഓഹരി കൈമാറ്റത്തിനായി സെബിക്ക് അദാനി ഗ്രൂപ്പ് കത്തുനൽകിയ കാര്യം പുറത്തുവന്നിട്ടും സർക്കാർ സംസ്ഥാനത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ മടിച്ച് നിൽക്കുകയാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് സെബി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാൻ അവസരം നൽകാതെ സർക്കാരുമായുള്ള കരാറിൽ ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി ലഭ്യമാക്കാത്തതും കമ്പനി നടത്തിയ വെളിപ്പെടുത്തൽ പൂർണ്ണമല്ലാത്തതും ഉടൻ തന്നെ അറിയിക്കേണ്ടതായിരുന്നു. ഈ വീഴ്ച്ച മൂലം കേരളത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകരുത്. ഇതിലുൾപ്പെട്ട ഗൗരവതരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മേൽ നടപടി സ്വീകരിക്കാൻ ഞാൻ സെബിക്ക് കത്തയച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും', പിണറായി വിജയൻ കുറിച്ചു.


ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷൻസ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നും മറ്റ് മേൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. SEBI (Listing of Obligations and Disclosure Requirements) 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ സെബി അധികാരികൾക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങൾ അറിയിച്ചിട്ടില്ല. ഗൗരവകരമായ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കത്തയച്ചതെന്നും പിണറായി വിജയൻ കുറിച്ചു.


ഓഹരി കൈമാറ്റത്തിൽ സെബി നിർദേശങ്ങളുടെ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 'സംസ്ഥാന സർക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട കരാറിലെ ക്ലോസ് 5.3.1 പ്രകാരം ഉടമസ്ഥാവകാശം മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിബന്ധന. ഓഹരി കൈമാറുന്ന കാര്യത്തിലും സമാനമായ നിയന്ത്രണമുണ്ട്. ഒറ്റയ്ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളിൽ ആർക്കെങ്കിലും ഓഹരി കൈമാറുന്നതിനും മുൻകൂർ അനുമതി ആവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ അദാനി ഗ്രൂപ്പിന് ഉടമസ്ഥാവകാശം മൊത്തത്തിലോ ഓഹരി കൈമാറ്റത്തിലോ കൈമാറാൻ കഴിയില്ലെന്നാണ് ക്ലോസ് 5.3-ലും പറയുന്നത്. എന്നാൽ, സെബിയെ ഓഹരി കൈമാറ്റം സംബന്ധിച്ച കരാറിൽ ഏർപ്പെട്ടതായി അറിയിച്ചിട്ടും സംസ്ഥാന സർക്കാരിനെ അറിയിക്കുന്ന സ്ഥിതി ഉണ്ടായില്ല.


'സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത തന്നെ പരിശോധിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്. ഇതു കൂടാതെ, 2015 ലെ സെബി (Lifting of obligation and Disclosure Requirement) റെഗുലേഷൻ 30 പ്രകാരവും അനുബന്ധ സർക്കുലർ പ്രകാരവും അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ അപേക്ഷ, മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. മാത്രമല്ല, ഇത് കൃത്യവും സുതാര്യവുമായ വെളിപ്പെടുത്തലല്ല. ദേശീയ സുരക്ഷയും പൊതു താൽപ്പര്യവും പാലിച്ചുകൊണ്ട് മാത്രമേ അനുമതി നൽകാവൂ എന്നും കരാറിലുണ്ട്. ഇക്കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി', പിണറായി വിജയൻ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home