വിശദീകരിച്ചത് പാർടി നിലപാട് തന്നെ; കാളപെറ്റുവെന്ന് കേൾക്കുമ്പോൾ മാധ്യമങ്ങൾ കയറെടുക്കരുത്: പുത്തലത്ത് ദിനേശൻ

തിരുവനന്തപുരം: പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് റിവ്യുവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫെയ്സ്‌ബുക്ക് പോസ്റ്റിനെതിരെ ഉയർന്നുവന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. `തെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്‌മകൾ' എന്ന പോസ്റ്റിന്, കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുകയെന്ന പഴഞ്ചൊല്ലിന് സമാനമായവിധത്തിലാണ് മാധ്യമ ചർച്ചകൾ ഉയർന്നുവന്നത്.
വിമർശനവും, സ്വയം വിമർശനവുമെന്നത് സിപിഐ എമ്മിന്റെ സംഘടനാ രീതിയുടെ ഭാഗമാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ച കാഴ്‌ചപ്പാടുകൾ ജനങ്ങളിലെത്തിക്കുന്നത് പാർടി പ്രവർത്തകരുടെ ഉത്തരവാദിത്വം കൂടിയാണ്. ആ ഉത്തരവാദിത്വമാണ് പോസ്റ്റിലൂടെ നിർവ്വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങൾ
കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുകയെന്ന പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. അതിന് സമാനമായവിധത്തിലുള്ള പ്രചരണമാണ് കഴിഞ്ഞ ദിവസം ഫെയ്സ്‌ബുക്കിൽ വന്ന പോസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രചരണങ്ങൾ. `തെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്‌മകൾ' എന്ന പേരിൽ ഞാൻ ചെയ്‌ത പോസ്റ്റിനെക്കുറിച്ചാണ് മാധ്യമ ചർച്ചകൾ ഉയർന്നുവന്നത്. പാർടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം നേതാവ് എന്ന നിലയിലുള്ള തലക്കെട്ട് വരെ പ്രസിദ്ധീകരിച്ചവരുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും, പാർടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും എതിരായുള്ളതാണെന്ന വ്യാഖ്യാനവും പലരും നടത്തുകയുണ്ടായി.
ഫെയ്സ്‌ബുക്കിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഇതുവരെ നാല് പോസ്റ്റുകളാണ് ചെയ്‌തിട്ടുള്ളത്. അഞ്ചാമതായി ഒന്ന് കൂടി ചെയ്യാനുമുണ്ട്. യഥാർത്ഥത്തിൽ ഇവയെല്ലാം പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് റിവ്യുവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്‌ത `തെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്‌മകൾ' എന്ന പോസ്റ്റ് പാർടി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ സ്വയം വിമർശനങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ്. അതിൽ നിന്നും വ്യത്യസ്‌തമായ യാതൊരു കാര്യവും അതിനകത്തില്ല.
പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് ഈ സ്വയം വിമർശനങ്ങൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പത്രസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയതാണ്. പാർടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ദേശാഭിമാനി പത്രത്തിൽ `തെരഞ്ഞെടുപ്പ് അവലോകനവും, വലതുപക്ഷ മാധ്യമങ്ങളും' എന്ന് ലേഖനത്തിലും ഈ സ്വയം വിമർശനങ്ങൾ എടുത്തുപറഞ്ഞിട്ടുണ്ട്. അതാവട്ടെ ഏതെങ്കിലും വ്യക്തികൾക്കെതിരായുള്ളതല്ല, പൊതുവായ വന്ന പോരായ്‌മകളെക്കുറിച്ചാണ്. പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതും, പാർടിയിലുടനീളം റിപ്പോർട്ട് ചെയ്‌തുകൊണ്ടിരിക്കുന്നതുമായ സ്വയം വിമർശനങ്ങളാണ് ആ പോസ്റ്റിലുള്ളത്. അനുഭാവി യോഗങ്ങളിൽ ഉൾപ്പെടെ ഇവ വിശദീകരിക്കുന്നുമുണ്ട്. പാർടി സംസ്ഥാന കമ്മിറ്റി നടത്തിയതും, പാർടി പിബി അംഗങ്ങൾ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്‌ത സ്വയം വിമർശനം ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത് എങ്ങനെയാണ് പാർടിക്ക് എതിരായിത്തീരുക. ഈ പ്രചരണത്തിലൂടെ പാർടി നടത്തിയ സ്വയം വിമർശനത്തെ തമസ്‌ക്കരിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വിമർശനവും, സ്വയം വിമർശനവുമെന്നത് സിപിഐ എമ്മിന്റെ സംഘടനാ രീതിയുടെ ഭാഗമാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ച കാഴ്‌ചപ്പാടുകൾ ജനങ്ങളിലെത്തിക്കുന്നത് പാർടി പ്രവർത്തകരുടെ ഉത്തരവാദിത്വം കൂടിയാണ്. ആ ഉത്തരവാദിത്വമാണ് ഈ പോസ്റ്റിലൂടെ നിർവ്വഹിച്ചിട്ടുള്ളത്. പാർടി സംസ്ഥാന കമ്മിറ്റി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതിലെ അംഗം എന്ന നിലയിൽ എന്റെ കൂടി ഉത്തരവാദിത്തിൽ വരുന്നതാണ്. അതിന്റെ എല്ലാ ഗുണ ദോഷങ്ങളിലും ഞാനും പങ്കാളിയാണ്. പ്രവർത്തനങ്ങിൽ സ്വയം വിമർശനം കൂടി കണ്ടെത്തുകയാണ് കമ്മ്യൂണിസ്റ്റ് പാർടി ചെയ്യുന്നത്. അതിലൂടെയാണ് ഉയർന്നുവരുന്ന പ്രതിസന്ധികളെ തരണം ചെയ്യാറ്. അത് മനസ്സിലാക്കാതെയാണ് ഇത്തരം പ്രചാരവേലകൾ ചില മാധ്യമങ്ങളും, ചില സുഹൃത്തുക്കളും നടത്തിയിട്ടുള്ളത്. അതുകൊണ്ട് ഈ ഫേസ്‌ബുക്ക് പോസ്റ്റ് പാർടിക്കെതിരായുള്ളതല്ല, പാർടി നയം വിശദീകരിച്ചുകൊണ്ടുള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.











0 comments