ad
Deshabhimani

മൺസൂൺ വൈകി, വയനാട്ടിൽ മഴ കുറവ്; കർഷകർ ആശങ്കയിൽ

Coffee Wayanad

പ്രതീകാത്മക ചിത്രം | Photo from Kerala Tourism / Facebook

വെബ് ഡെസ്ക്

Published on Jul 04, 2026, 06:24 PM | 2 min read

വയനാട് : തെക്കുപടിഞ്ഞാറൻ മൺസൂൺ കൈവിട്ടതോടെ വയനാട്ടിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയ വൻ മഴക്കുറവ് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ്. ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന വരുമാനമാർ‌ഗങ്ങളായ കുരുമുളക്, കാപ്പി, നെല്ല് എന്നീ വിളകളെയാണ് ഈ പ്രതികൂല കാലാവസ്ഥ ഏറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. ജില്ലയിലെ കർഷകരിപ്പോൾ കൃഷിനാശ ഭീതിയിലാണ്.


'ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 270.23 മില്ലിമീറ്റർ മഴ മാത്രമാണ് ജൂൺ മാസത്തിൽ വയനാട്ടിൽ ലഭിച്ചത്. ആഗോള കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവും കാരണമുണ്ടായ മൺസൂണിന്റെ വൈകിയുള്ള വരവാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.


സാധാരണയായി വേനൽമഴ ലഭിക്കുന്നതോടെയാണ് കുരുമുളക് വള്ളികളിൽ തിരികൾ വരാൻ തുടങ്ങുന്നത്. മൺസൂൺ ആരംഭിക്കുന്നതോടെ ഇവയിൽ കുരുമുളക് മണികൾ രൂപപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണ തിരുവാതിര ഞാറ്റുവേല സമയത്ത് പോലും കടുത്ത മഴക്കുറവ് അനുഭവപ്പെട്ടത് തിരികളുടെ വളർച്ചയെ ദോഷകരമായി ബാധിച്ചുവെന്ന് അമ്പലവയലിലെ ഒരു കർഷകൻ പറഞ്ഞു. ആവശ്യത്തിന് മൺസൂൺ മഴ ലഭിക്കാത്തത് കാപ്പിക്കുരുക്കളുടെ വലിപ്പത്തെയും ശരിയായ വളർച്ചയെയും തടസപ്പെടുത്തിയിട്ടുണ്ട്.


വേനൽമഴ പലയിടത്തും പല രീതിയിൽ ലഭിച്ചതുമൂലം തോട്ടങ്ങളിലെ കാപ്പിചെടികൾ പല ഘട്ടങ്ങളായാണ് പൂക്കുന്നത്. ഇത് കാരണം നാലോ അഞ്ചോ തവണയായി വിളവെടുപ്പ് നടത്തേണ്ടി വരുന്നത് കർഷകരുടെ കൂലിച്ചെലവും കൃഷിച്ചെലവും വൻതോതിൽ വർധിപ്പിക്കും.


പെട്ടെന്നുണ്ടായ ഈ മഴക്കുറവ് ജില്ലയിലെ നെൽക്കൃഷിയെയും കഠിനമായി ബാധിച്ചു. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും ഇനിയും ഞാറുനടീൽ ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കൃത്യസമയത്തുള്ള വളപ്രയോഗത്തെ ബാധിക്കുമെന്നതിനാൽ നെല്ലിന്റെ ഉൽപാദനക്ഷമത ഗണ്യമായി കുറയുമെന്ന ആശങ്കയിലാണ് കർഷകർ.


സാധാരണയായി കാലവർഷത്തിൽ ശക്തമായ മഴയും പ്രകൃതിദുരന്ത സാധ്യതകളും നേരിടാറുള്ള വയനാട്ടിൽ ഇത്തവണ മഴയിലുണ്ടായ വൻ കുറവാണ് പ്രധാന വെല്ലുവിളിയെന്ന് വി​ദ​ഗ്ധർ പറയുന്നു. വരും ആഴ്ചകളിലെ പ്രവചനങ്ങളും ഒട്ടും ആശാവഹമല്ല. ജൂൺ മാസത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ലക്കിടിയിൽ 836 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ, ഏറ്റവും കുറവ് മഴ ലഭിച്ച മുള്ളൻകൊല്ലിയിൽ വെറും 44 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.


കാർഷിക മേഖലയുടെ മികച്ച വിളവെടുപ്പിന് ജൂലൈ മാസത്തിൽ മികച്ച രീതിയിൽ മഴ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷകരും വ്യക്തമാക്കുന്നു. വരും ആഴ്ചകളിലെ കാലാവസ്ഥ ജില്ലയിലെ കർഷകർക്ക് ഏറെ നിർണായകമായിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home