ad
Deshabhimani

വാരണാസി ദാൽമണ്ഡി കേസ്; അലഹബാദ് ഹൈക്കോടതി വിധി ന്യൂനപക്ഷ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നത്: സിപിഐ എം

allahabad cpim
വെബ് ഡെസ്ക്

Published on Jul 04, 2026, 06:27 PM | 2 min read

ന്യൂഡൽഹി : വാരണാസിയിലെ ദാൽമണ്ഡിയിൽ മുസ്ലിം പള്ളികളടക്കം സ്ഥിതി ചെയ്യുന്ന ഭൂമി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന അലഹബാദ് ഹൈക്കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. കാശി വിശ്വനാഥ് ധാം കോറിഡോർ വികസനത്തിന്റെ പേരിൽ ദാൽമണ്ഡി പ്രദേശത്തെ ആറ് മോസ്ക്കുകളും വ്യാപാരശാലകളുമടക്കമുള്ള സ്ഥലം സർക്കാരിന് ഏറ്റെടുക്കാമെന്നാണ് കോടതി വിധിച്ചത്.


വിധി മതേതരത്വത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും സാധാരണ പൗരന്മാരുടെ ഉപജീവനമാർഗ്ഗത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു. വ്യാപാരിയായ സയ്യിദ് റാഷിദ് അലിയും മറ്റ് വ്യാപാരികളും നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്നും ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റുന്നത് മാത്രമാണ് തടയുന്നതെന്നും റോഡ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പൊതുപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഈ നിയമം തടസ്സമല്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തെ പുരാതനമായ ആറോളം പള്ളികളും വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യാപാര ശാലകളും പൊളിച്ചുനീക്കേണ്ടി വരും.


ആരാധനാലയ നിയമത്തെ കോടതി വ്യാഖ്യാനിച്ചതിൽ ഏറെ പിഴവുകൾ വന്നിട്ടുണ്ടെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി. പൊതു ആവശ്യങ്ങൾക്കായി പള്ളികൾ ഏറ്റെടുക്കുന്നത് നിയമം തടയുന്നില്ലെന്ന് വിധിച്ചതിലൂടെ നിയമത്തിന്റെ മതനിരപേക്ഷ സംരക്ഷണ സ്വഭാവത്തെ ​ദുർബലമാക്കുകയാണ് കോടതി. റോഡ് നിർമാണത്തിനായി പള്ളി പൊളിച്ചുമാറ്റുമ്പോൾ അത് ഏറ്റെടുക്കലിന്റെ പേരിലുള്ള മതപരിവർത്തനത്തിന് തുല്യമായി മാറുന്നു.


വാടകക്കാരുടെ അവകാശങ്ങളെ കോടതി നിസ്സാരമായി തള്ളിക്കളഞ്ഞത് ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റെടുക്കൽ സംബന്ധമായ വിഷയങ്ങളിൽ വാടകക്കാർക്ക് ഒരു അവകാശവുമില്ലെന്നാണ് കോടതി പറയുന്നത്. ദൽമണ്ഡിയിൽ തലമുറകളായി വ്യാപാരം നടത്തിയിരുന്നവരിൽ 97 ശതമാനവും മുസ്ലിം വിഭാ​ഗത്തിൽപ്പെട്ടവരാണ്. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം 50 ശതമാനം കുടുംബങ്ങൾ അവിടെ താമസിക്കുകയും 45 ശതമാനം കുടുംബങ്ങൾ ഉപജീവനത്തിനായി ദൽമണ്ഡിയെ ആശ്രയിക്കുകയും ചെയ്തിരുന്നു. എങ്കിലും ആർട്ടിക്കിൾ 21 പ്രകാരമുള്ള അവരുടെ ഉപജീവനാവകാശം കോടതി തീർത്തും അവഗണിച്ചു.


ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ബിജെപി-ആർഎസ്എസ് അജണ്ടയ്ക്ക് വേണ്ടി ന്യൂനപക്ഷങ്ങൾക്കെതിരായി നടത്തുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ ഭാ​ഗമാണ് ഈ വിധിയും. ഭോജ്ശാല വിധിയുടെയുടെ തുടർച്ചയായാണ് ഇതിനെയും കാണേണ്ടത്. പദ്ധതിയുടെ നടത്തിപ്പിനായി കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന സോണാർ ഗാലി പോലുള്ള ബദൽ സ്ഥലങ്ങളുണ്ടെന്നിരിക്കെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ദൽമാണ്ടി തിരഞ്ഞെടുത്തത് സംശയിക്കേണ്ടതാണ്. ബാധിതരായ എല്ലാ കുടുംബങ്ങൾക്കും പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിലും കോടതി പരാജയപ്പെട്ടെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home