പാർലമെന്റ് വർഷകാല സമ്മേളനം: ജൂലൈ 20 മുതൽ ആഗസ്ത് 13 വരെ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ആഗസ്ത് 13 വരെ ചേരും. ശനിയാഴ്ച പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ഇരുസഭകളും വിളിച്ചുചേർക്കണമെന്ന സർക്കാരിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. തുടർന്നാണ് സഭ സമ്മേളിക്കാൻ തീരുമാനമായത്. വളരെ നിർണായകമായ പല നീക്കങ്ങളും പ്രതീക്ഷിക്കുന്ന സമ്മേളനമാണിത്.
130-ാം ഭരണഘടനാ ഭേദഗതി ബിൽ, വനിതാ സംവരണ ബിൽ, ഡീലിമിറ്റേഷൻ ബിൽ, എഫ്‌സിആർഎ ഭേദഗതി ബിൽ എന്നിവ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. അഴിമതി കേസുകളിൽ ഉൾപ്പെട്ട് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിൽ കൂടുതൽ അറസ്റ്റിലായാൽ, അവരെ തൽസ്ഥാനത്ത് നിന്ന് സ്വയമേവ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് 130-ാം ഭരണഘടനാ ഭേദഗതി ബിൽ. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലും കേന്ദ്ര സക്കാർ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബില്ലും മതസ്ഥാപനങ്ങൾക്കുള്ള വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലും ഇരു സഭകളിലും ചർച്ചയാകും. ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം (പ്രത്യേക ഭൂരിപക്ഷം) അനിവാര്യമാണ്. കഴിഞ്ഞ സമ്മേളനത്തിൽ വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾക്ക് ആവശ്യമായ അംഗസംഖ്യ നേടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരുന്നു.











0 comments