ad
Deshabhimani

കെപിസിസിക്ക് അഡ്‌ഹോക്ക് പ്രസിഡന്റിനെ ആവശ്യമില്ല; വിമർശനവുമായി മുല്ലപ്പള്ളി

Mullappally Ramachandran.JPG
വെബ് ഡെസ്ക്

Published on Jul 04, 2026, 06:15 PM | 1 min read

കോഴിക്കോട്: പുതിയ കെപിസിസി അധ്യക്ഷനെ നിർബന്ധമായും കണ്ടെത്തണമെന്നും കെപിസിസിക്ക് അഡ്‌ഹോക്ക് പ്രസിഡന്റിനെ ആവശ്യമില്ലെന്നും മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം ഏറ്റെടുത്തിട്ടും സണ്ണി ജോസഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമ്പോഴാണ് മുല്ലപ്പള്ളിയുടെ വിമർശനം.


കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി. എല്ലാം ഒരാൾക്ക് തന്നെ നൽകേണ്ടതില്ല. മുഴുവൻ സമയ പ്രസിഡന്റിനെയാണ് വേണ്ടത്. അല്ലാതെ അഡ്‌ഹോക്ക് പ്രസിഡന്റിനെ ആവശ്യമില്ല. 24 മണിക്കൂറും പാർടിക്ക് വേണ്ടി രാവും പകലും വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ആളാകണം പ്രസിഡന്റ്. തൻ്റെ അഭിപ്രായം ദേശീയനേതൃത്വത്തെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഫൈനൽ യുദ്ധം ജോസഫ്‌ വാഴയ്‌ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലെന്ന്‌ സൂചന. ഇരുവരും ഡൽഹിയിൽ അവസാന കരു നീക്കത്തിൽ. ഇരട്ടപ്പദവി വിഷയം കൊടിക്കുന്നിലിനെയും മുഖ്യമന്ത്രി വി ഡി സതീശന്റെ നോമിനിയെന്നത്‌ വാഴയ്‌ക്കനെയും ബാധിച്ചേക്കും. കെ സി വേണുഗോപാലിന്റെ നിലപാട്‌ നിർണായകമാകും.


നിയമസഭയിൽ സീറ്റ്‌ നൽകാത്തപ്പോൾ നൽകിയ ഉറപ്പും ദീർഘകാലമായി പദവിയില്ലാതെ മാറിനിന്നതുമാണ്‌ വാഴയ്‌ക്കൻ നിരത്തുന്ന കാരണം. ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ രമേശ്‌ ചെന്നിത്തലയുടെ പിന്തുണയുമുണ്ട്‌. ദളിത്‌ പ്രസിഡന്റ്‌ വേണമെന്ന ദീർഘകാലത്തെ ആവശ്യം എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖർഗെയെ കണ്ട്‌ അറിയിച്ചുവെന്ന്‌ കൊടിക്കുന്നിൽ പ്രതികരിച്ചു. ദീർഘകാലമായി എംപി സ്ഥാനത്തുള്ള കൊടിക്കുന്നിലിന്‌ സോണിയ ഗാന്ധിയോടുള്ള അടുപ്പം തുണയാകും. സർക്കാരും പാർടിയും യോജിച്ചുപോകാൻ സഹായമായ നിലപാടേ എടുക്കാവൂവെന്ന നിബന്ധനയാണ്‌ മുഖ്യമന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്‌. ബജറ്റിനുശേഷം മതി പുനഃസംഘടനയെന്ന സതീശന്റെ അഭ്യർഥന ഹൈക്കമാൻഡ്‌ തള്ളിയിരുന്നില്ല.


അടൂർ പ്രകാശ്‌, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി എന്നിവരാണ്‌ രംഗത്തുള്ള മറ്റ് എംപിമാർ. മാത്യു കുഴൽനാടൻ എംഎൽഎയും നിയമസഭയിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട വി എസ്‌ ശിവകുമാറും ടി ശരത്ചന്ദ്രപ്രസാദും മോഹികളായുണ്ട്‌. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്നും മന്ത്രിസഭയിൽ വലിയ പ്രാതിനിധ്യമുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചാൽ സമവാക്യം മാറാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home