ad
Deshabhimani

ഊർജ്ജ മേഖലയിലെ ടെൻഡറുകളിൽ മത്സരിക്കാം

ഇന്ത്യയിലെ വൈദ്യുത പദ്ധതികളിൽ പങ്കാളികളാവാൻ 4 ചൈനീസ് കമ്പനികൾക്ക് കേന്ദ്രാനുമതി

china bid
വെബ് ഡെസ്ക്

Published on Jul 04, 2026, 04:06 PM | 2 min read

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിലെ കര്‍ശന വിലക്കുകൾ ഇളവുചെയ്ത് ചൈനയിൽ നിന്നുള്ള നാല് കമ്പനികൾക്ക് രാജ്യത്തെ പൊതുമേഖലാ ഊർജ്ജ പദ്ധതികളുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍.


അതിർത്തി തർക്കങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ പ്രത്യേകമായി ഇളവ് നൽകിയാണ് നടപടി. ചൈനീസ് ഉടമസ്ഥതയോ ബന്ധമോ ഉള്ള നാല് പ്രമുഖ കമ്പനികൾക്കാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയത്.


ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് സർക്കാർ പദ്ധതികളിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മുൻകൂർ രജിസ്ട്രേഷൻ നിബന്ധന നീക്കി. രണ്ട് വർഷത്തെ താൽക്കാലിക ഇളവ് എന്ന വിശദീകരണത്തോടെയാണ് ചൈനീസ് കമ്പനികൾക്ക് വാതിൽ തുറന്നത്. 2026 ജൂൺ 24-നാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചറിലെ പ്രൊക്യുർമെന്റ് പോളിസി ഡിവിഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.


ചൈനീസ് കമ്പനിയായ ടിബിഇഎ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ടിബിഇഎ എനർജി ഇന്ത്യ, ചൈനീസ് പവർ എക്യുപ്‌മെന്റ് നിർമ്മാതാക്കളായ നാൻജിംഗ് ഇലക്ട്രിക്കിന്റെ സബ്‌സിഡിയറിയായ നാൻജിംഗ് ഇലക്ട്രിക് ഇന്ത്യ, ചൈനീസ് ഊർജ്ജ കമ്പനികളുമായി സാങ്കേതികവിദ്യ കൈമാറ്റ കരാറുകളുള്ള സ്ഥാപനമായ ന്യൂ നോർത്ത് ഈസ്റ്റ് ഇലക്ട്രിക് ഇന്ത്യ, ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന തായ്കായ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ തായ്കായ് ഇലക്ട്രിക് ഇന്ത്യ എന്നിവയാണ് പൊതുമേഖലാ ഊര്‍ജ രംഗത്തേക്ക് എത്തുന്നത്.


ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ ദ്രുതഗതിയിലുള്ള വ്യാപനവും കാരണം പവർ ഗ്രിഡുകൾ നവീകരിക്കേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നു. എന്നാൽ ഇതിനാവശ്യമായ ഉയർന്ന സാങ്കേതികവിദ്യയുള്ള ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ പരിമിതി നേരിട്ടു. തദ്ദേശീയ വിപണിയിലെ ഈ ദൗർലഭ്യം കാരണം രാജ്യത്തെ പ്രധാന ഊർജ്ജ പദ്ധതികൾ വൈകുന്നത് വലിയ വെല്ലുവിളി തീര്‍ത്തു.


രാജ്യം നേരിടുന്ന നിർണായക ഊർജ്ജ പ്രതിസന്ധി പരഗിണിച്ച് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തെഴുതി. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് കീഴിലുള്ള കമ്മിറ്റി ഓഫ് സെക്രട്ടറിമാരും രജിസ്ട്രേഷൻ കമ്മിറ്റിയും വിഷയം പരിശോധിച്ചു. സുരക്ഷാ-സാമ്പത്തിക വശങ്ങൾ വിലയിരുത്തിയ ശേഷമാണ് നിലവിലെ ഇളവ് ശുപാർശ ചെയ്തത് എന്നാണ് വിശദീകരണം.


ഇന്ത്യ-ചൈന ബന്ധത്തിൽ സമീപകാലത്തുണ്ടായ നേരിയ പുരോഗതിയുടെ സൂചനയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാനമായ ഊർജ്ജമേഖലയ്ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പദ്ധതി ചെലവുകൾ കുറയ്ക്കാനുമുള്ള പ്രായോഗികമായ തീരുമാനമായാണ് മന്ത്രാലയം ഇതിനെ വിശദീകരിക്കുന്നത്.


നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണത്തിലും ഇളവ്


ഇതിനിടെ, ചൈനയിൽ നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള 'പ്രസ് നോട്ട് 3' നിയന്ത്രണങ്ങളിൽ അടുത്തിടെ വരുത്തിയ ചില കാലിബ്രേറ്റഡ് മാറ്റങ്ങളും ശ്രദ്ധ നേടി. 10 ശതമാനം വരെയുള്ള തന്ത്രപരമല്ലാത്ത നിക്ഷേപങ്ങൾക്ക് ഓട്ടോമാറ്റിക് റൂട്ട് അനുവദിച്ചു നൽകി.


കോവിഡ് മഹാമാരിയുടെ തുടക്കത്തിലും ഗാൽവാൻ അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിലും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വരുത്തിയ നിയന്ത്രണമാണ് അഴിച്ചത്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈനീസ് നിക്ഷേപകർ കുറഞ്ഞ വിലയ്ക്ക് കൂട്ടത്തോടെ വാങ്ങി കൈക്കലാക്കുന്നത് (Opportunistic Takeovers) തടയുക എന്നാണ് ഈ നിയന്ത്രണൾക്ക് കാരണമായി പറഞ്ഞിരുന്നത്.


ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മാർ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളോ വ്യക്തികളോ ഇന്ത്യയിൽ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. ഇതിലൂടെ ചൈന ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് അതുവരെ ലഭ്യമായിരുന്ന ബാങ്കുകൾ വഴി നേരിട്ട് നിക്ഷേപിക്കാവുന്ന സംവിധാനമായ 'ഓട്ടോമാറ്റിക് റൂട്ട്' സൗകര്യം പൂർണ്ണമായി അടയുകയും, ഓരോ നിക്ഷേപവും കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാൻ കേന്ദ്രത്തിന് സാധിക്കുകയും ചെയ്തു. ഇതിലാണ് ഇടക്കാലത്ത് ഇളവ് നൽകിയത്.


2020-ല കടുത്ത നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും നിർമ്മാണ മേഖലയിലും ചൈനീസ് മൂലധനത്തിന്റെ ഒഴുക്ക് ഏതാണ്ട് പൂർണ്ണമായി നിലച്ചിരുന്നു. ഇത് പല ഇന്ത്യൻ കമ്പനികളുടെയും വളർച്ചയെയും ആഗോള സപ്ലൈ ചെയിൻ ബന്ധങ്ങളെയും ബാധിക്കാൻ തുടങ്ങി. ഇന്ത്യൻ കമ്പനികൾക്ക് ആവശ്യമായ വിദേശ മൂലധനവും ചൈനീസ് കമ്പനികളുടെ പക്കലുള്ള സാങ്കേതികവിദ്യയും ലഭ്യമാക്കുക എന്ന സമീപനത്തിലേക്കാണ് ഇപ്പോൾ മാറിയിരിക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home