അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ അഭയാർത്ഥികൾക്കായി ശബ്ദമുയർത്തി പോപ് ലിയോ

ലാംപെദൂസ ദ്വീപിൽ സന്ദർശനത്തിനായി എത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പയെ വിശ്വാസികൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നു |Photo by TIZIANA FABI / AFP
ലാംപെദൂസ : അമേരിക്കൻ ഐക്യനാടുകൾ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആഗോള അഭയാർത്ഥി പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമായ തെക്കൻ ഇറ്റലിയിലെ ലാംപെദൂസ ദ്വീപ് സന്ദർശിച്ച് പോപ് ലിയോ പതിനാലാമൻ.
യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ജീവൻ പൊലിഞ്ഞ പതിനായിരക്കണക്കിന് അഭയാർത്ഥികൾക്ക് ആദരവർപ്പിക്കാനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യാനുമാണ് പോപ് ഈ ദിവസം തിരഞ്ഞെടുത്തത്. അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ നയങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ചരിത്രത്തിലെ ആദ്യത്തെ യുഎസ് വംശജനായ മാർപ്പാപ്പയുടെ ഈ സന്ദർശനം ആഗോളതലത്തിൽ വലിയ രാഷ്ട്രീയ - സാമൂഹിക പ്രാധാന്യത്തോടെയാണ് കാണുന്നത്.
ദ്വീപിലെ അഭയാർത്ഥി സെമിത്തേരി സന്ദർശിച്ച മാർപ്പാപ്പ തകർന്ന ബോട്ടുകളുടെ മരക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച കുരിശുകൾക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് തുറമുഖത്തെത്തിയ അദ്ദേഹം പുതിയതായി എത്തിയ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് നിയമപരവും സുരക്ഷിതവുമായ യാത്രാമാർഗ്ഗങ്ങൾ ഒരുക്കാനും അമേരിക്കൻ, യൂറോപ്യൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാരുടെ ത്യാഗങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അമേരിക്ക എന്ന രാജ്യം കെട്ടിപ്പടുക്കപ്പെട്ടതെന്ന വസ്തുത വിസ്മരിക്കരുതെന്ന് യുഎസ് ജനതയ്ക്കായി അയച്ച കത്തിൽ അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു.
ദ്വീപ് നിവാസികൾക്കായി നടത്തിയ വിശുദ്ധ കുർബാന മധ്യേ അഭയാർത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ലാംപെദൂസയിലെ ജനങ്ങളുടെ കാരുണ്യത്തെ മാർപ്പാപ്പ പ്രശംസിച്ചു. വെറുമൊരു രാഷ്ട്രീയ ചർച്ചാവിഷയമായി അഭയാർത്ഥി പ്രശ്നത്തെ കാണാതെ മനുഷ്യത്വത്തോടെ സമീപിക്കാൻ യൂറോപ്യൻ നേതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതോടൊപ്പം അദ്ദേഹം ഇറ്റലിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തീരത്ത് കുടിയേറ്റക്കാർക്കായി സമർപ്പിച്ചിരിക്കുന്ന "ഡോർ ഓഫ് യൂറോപ്പ്" എന്ന കലാസൃഷ്ടിയും സന്ദർശിച്ചു.
കുടിയേറ്റക്കാർക്ക് പിന്തുണ നൽകുക എന്ന തന്റെ സന്ദേശത്തിന് അടിവരയിടാൻ മാർപ്പാപ്പ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് യുഎസ് സ്വാതന്ത്ര്യദിനമായ ജൂലൈ 4ന് തന്നെ ഈ സന്ദർശനത്തിനായി ബോധപൂർവ്വം തിരഞ്ഞെടുത്തതെന്നും വത്തിക്കാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫവൊരോളോ ഡോക്കിൽ (Favorolo dock) അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്മരണാർത്ഥമുള്ള ഫലകത്തിന് മുന്നിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ അന്തിമോപചാരം അർപ്പിക്കുന്നു | Photo by Tiziana FABI / AFP
"കുടിയേറ്റത്തെക്കുറിച്ചുള്ള ആഗോള രാഷ്ട്രീയ ചർച്ചകൾ പലപ്പോഴും സംരക്ഷണത്തിനും പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തങ്ങൾക്കും പകരം അതിർത്തികളെയും പ്രതിരോധങ്ങളെയും കേന്ദ്രീകരിച്ച് മാത്രം നടക്കുന്ന ഈ സാഹചര്യത്തിൽ, ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ സാന്നിധ്യം വ്യക്തമായൊരു സന്ദേശമാണ് നൽകുന്നത്," യുഎൻ അഭയാർത്ഥി ഏജൻസി (UNHCR) ഉദ്യോഗസ്ഥയായ അന്ന ലീർ പറഞ്ഞു.
"അക്രമങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്യുന്നവരുടെ മാനുഷികതയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഓരോ പ്രവർത്തനത്തിനും വലിയ ധാർമ്മികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്," അവർ കൂട്ടിച്ചേർത്തു.
അഭയാർത്ഥികളെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തുകാർക്കെതിരെയും അവരോട് നിസംഗത പുലർത്തുന്ന ഭരണകൂടങ്ങൾക്കെതിരെയും കടുത്ത ഭാഷയിലാണ് മാർപ്പാപ്പ പ്രതികരിച്ചത്. മുൻഗാാമിയായ ഫ്രാൻസിസ് മാർപ്പാപ്പ 2013ൽ നടത്തിയ ചരിത്രപ്രസിദ്ധമായ ലാംപെദൂസ സന്ദർശനത്തിന്റെ തുടർച്ചയായാണ് പോപ് ലിയോയുടെ ഇപ്പോഴത്തെ ഈ സന്ദർശനം.










0 comments