ad
Deshabhimani

print edition ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ: പാരിസിൽ 
പിഎസ്‌ജി ചിരി

Khvicha Kvaratskhelia

ലിവർപൂൾ ഗോൾകീപ്പറെ മറികടന്ന് പിഎസ്ജിയുടെ കവീച്ച കവറാസ്--കേലിയ ഗോൾ നേടുന്നു | Photo: AFP

വെബ് ഡെസ്ക്

Published on Apr 10, 2026, 01:25 AM | 1 min read

പാരിസ്‌: ലിവർപൂളിനെ അനങ്ങാൻ വിടാതെ പിഎസ്‌ജി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ രണ്ട്‌ ഗോളിനാണ്‌ നിലവിലെ ചാമ്പ്യൻമാർ ആറുവട്ടം കിരീടമുയർത്തിയ ലിവർപൂളിനെ വീഴ്‌ത്തിയത്‌. സ്വന്തംതട്ടകത്തിൽ ദെസിരെ ദുവെയും കവീച്ച കവറാസ്‌കേലയയും പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടു.


കളത്തിലും കണക്കിലുമെല്ലാം പാരിസുകാരുടെ ആധിപത്യമായിരുന്നു. പന്ത്‌ 74 ശതമാനവും അവരുടെ കാലുകളിലായി. 733 പാസുകൾ കൈമാറി. ആകെ 24 ഷോട്ടുകൾ പായിച്ചു. എന്നാൽ ലിവർപൂളാകട്ടെ നിരാശപ്പെടുത്തി. 255 പാസുകളാണ്‌ ആകെ നൽകിയത്‌. ലക്ഷ്യത്തിലേക്ക്‌ ഒരുവട്ടം പോലും ഉന്നംതൊടുക്കാനായില്ല. സൂപ്പർതാരം മുഹമ്മദ്‌ സലായെ പരിശീലകൻ ആർണെ സ്ലോട്ട്‌ കളത്തിലിറക്കിയില്ല. പകരക്കാരുടെ ബെഞ്ചിലായിരുന്നു മുന്നേറ്റക്കാരൻ.


ഒത്തൊരുമയുള്ള കളിയുമായാണ്‌ പിഎസ്‌ജി ജയിച്ചുകയറിയത്‌. ഉസ്‌മാൻ ഡെംബെലെ നൽകിയ അവസരമാണ്‌ ദുവെ ഗോളാക്കി മാറ്റിയത്‌. ബോക്‌സിൽ ഇടതുഭാഗത്തുനിന്ന്‌ രണ്ട്‌ ലിവർപൂൾ പ്രതിരോധക്കാരെ വകഞ്ഞുമാറ്റിയുള്ള വലംകാലടി വലകയറി.


ലീഡുയർത്താൻ ആതിഥേയർ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ രണ്ടാംപകുതിയിൽ ഫലംകിട്ടി. ഉസ്‌മാൻ ഡെംബെലെയുടെ ഷോട്ട്‌ ബാറിൽ തട്ടിമടങ്ങിയതിന്‌ പിന്നാലെ കവീച്ച ലീഡുയർത്തി. ജോയോ നെവെസ്‌ നീട്ടിനൽകിയ പന്തുമായി കവീച്ചയുടെ ഒറ്റയാൻ മുന്നേറ്റം. തടയാനെത്തിയ റയൻ ഗ്രവെൻബെർക്കും ഗോൾകീപ്പർ ജോർജി മമർദാഷ്‌വിലിയും വീണുപോയി. മിന്നൽകുതിപ്പിൽ പിഎസ്‌ജി മുന്നേറ്റക്കാരൻ വലയിലേക്ക്‌ പന്ത്‌ കടത്തി. രണ്ട് ഗോളിന് പിന്നിലായിട്ടും സലായെ കളത്തിലിറക്കിയില്ല.

14ന്‌ ലിവർപൂളിന്റെ ആൻഫീൽഡ്‌ സ്‌റ്റേഡിയത്തിലാണ്‌ രണ്ടാംപാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home