print edition ബയേണിനെ തടഞ്ഞു പിഎസ്‌ജി കയറി

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ഫെെനലിൽ കടന്ന പിഎസ്ജി താരം ഉസ്--മാൻ ഡെംബെലെ, കോച്ച് ലൂയിസ് എൻറിക്വെ, ഫാബിയാൻ റൂയിസ് എന്നിവർ ആഹ്ലാദത്തിൽ
മ്യൂണിക്: ഗോളടി ആഘോഷം കഴിഞ്ഞ് പിഎസ്‌ജി, പിഎസ്‌ജിയായി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മിന്നി ഫ്രഞ്ച് വന്പൻമാർ ചാന്പ്യൻസ് ലീഗ് ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ കയറി. രണ്ടാംപാദ സെമിയിൽ ബയേൺ മ്യൂണിക്കുമായി 1–1ന് പിരിഞ്ഞ നിലവിലെ ജേതാക്കൾ ഇരുപാദങ്ങളിലുമായി 6–5ന്റെ മുൻതൂക്കത്തോടെയാണ് മുന്നേറിയത്. പിഎസ്‌ജിക്കായി ഉസ്‌മാൻ ഡെംബെലെ ഗോളടിച്ചു. ഹാരി കെയ്‌നാണ് ബയേണിനായി ഒന്ന് മടക്കിയത്.
സീസണിൽ മൂന്ന് കിരീടങ്ങൾ നേടാമെന്നുള്ള ബയേണിന്റെ മോഹം പൊലിഞ്ഞു. 29ന് അഴ്‌സണലുമായാണ് പിഎസ്‌ജിയുടെ കിരീടപ്പോര്.
പാരീസിൽ ഗോളടിച്ചുകൂട്ടിയ പിഎസ്‌ജിയും ബയേണും മ്യൂണിക്കിൽ ഒരു ചുവട് പിന്നാക്കംപോയി. ജയത്തിലേക്കുള്ള വഴി മാത്രം തെരഞ്ഞെടുത്തു. അതിനുള്ള തന്ത്രങ്ങളൊരുക്കി. പിഎസ്‌ജി പരിശീലകൻ ലൂയിസ് എൻറിക്വെ ആശയങ്ങളിൽ ബയേൺ കോച്ച് വിൻസെന്റ് കൊന്പനിയെ പിന്നിലാക്കി. തുടർച്ചയായ രണ്ടാംതവണയും ടീമിനെ ഫൈനലിലേക്ക് നയിച്ച എൻറിക്വെയുടെ തന്ത്രങ്ങളാണ് മ്യൂണിക്കിലെ അലയൻസ് അരീനയിൽ തെളിഞ്ഞുകണ്ടത്.
പാരിസിലെ 5–4ന്റെ സ്‌കോറിന്റെ ചുവടുപിടിച്ചായിരുന്നു തുടക്കം. ബയേണിന് ഒപ്പമെത്താൻ ഒരു ഗോളെന്ന അവസ്ഥയിൽ കളി മുറുകി. പക്ഷേ, മൂന്നാം മിനിറ്റിൽ പിഎസ്‌ജിയുടെ വെടിച്ചില്ല് നീക്കം കണ്ടു. ഫാബിയാൻ റൂസുമായി പന്ത് കൈമാറി, പിന്നെ ഒറ്റയ്‌ക്ക് കുതിച്ച കവിച കഹറസ്‌ഹെലിയ മൈതാനത്തിന്റെ ഇടതുഭാഗം കീഴടക്കി. പ്രതിരോധം മറന്നുപോയ ബയേൺ ബോക്‌സിലേക്ക് കൂട്ടംകൂടിയെത്തുന്പോഴേക്കും കവറസ്‌ഹെലിയയുടെ ക്രോസ് വലതുഭാഗത്ത് ഡെംബെലെയുടെ കാലിലെത്തിയിരുന്നു.
മൂന്ന് പ്രതിരോധക്കാർ നോക്കി നിൽക്കെ ഡെംബെലെ കോരിയിട്ട പന്ത് ഗോൾ കീപ്പർ മാനുവൽ നോയക്ക് എത്തിപ്പിടിക്കാൻപോലും കഴിയാത്ത വിധത്തിൽ വലയിലേക്ക് വീണു.
സ്വന്തം തട്ടകത്തിൽ ബയേൺ ഞെട്ടി. കെയ്‌നും ലൂയിസ് ഡയസും മിക്കേൽ ഒലീസെയും ഉൾപ്പെട്ട ബയേൺ മുന്നേറ്റനിര ചടുലമായി പന്ത് തട്ടി. പക്ഷേ, ബ്രസീലുകാരൻ മാർക്വിന്യോസ് നയിച്ച പിഎസ്‌ജി പ്രതിരോധം ഒരു പഴുതും നൽകിയില്ല. സെന്റർ ബാക്ക് വില്യം പാച്ചോയായിരുന്നു പിഎസ്‌ജി കോട്ടയുടെ കാവലാൾ. ബയേണിന്റെ ഓരോ നീക്കവും പാച്ചോയും കൂട്ടരും നിർവീര്യമാക്കി.
മധ്യനിര നിരന്തരം പന്തൊഴുക്കി. വിതീന്യയും റൂയിസും ജോയോ നെവെസും ചേർന്നാണ് കളി ചലിപ്പിച്ചത്. ഇതിനിടെ പിഎസ്‌ജിയുടെ ഉറച്ച രണ്ട് ഷോട്ടുകൾ നോയെ അസാമാന്യചാട്ടങ്ങളുമായി തട്ടിയകറ്റി. ബയേൺ സമ്മർദത്തിലായിരുന്നു. കളി അരമണിക്കൂർ പിന്നിട്ട ഘട്ടത്തിൽ ന്യൂനോ മെൻഡെസിന് ചുവപ്പകാർഡ് നൽകാത്തതിന് ബയേൺ കളിക്കാർ റഫറിക്കെതിരെ തിരിഞ്ഞു. പിഎസ്‌ജി പ്രതിരോധക്കാരന്റെ കൈയിൽ പന്ത് തട്ടിയതായിരുന്നു കാരണം. ബോക്‌സിൽവച്ച് വിതീന്യയുടെ അടി സഹതാരം നെവെസിന്റെ കൈയിൽ തട്ടിയതിന് ബയേൺ പെനൽറ്റിക്ക് വാദിച്ചതും റഫറി കാര്യമായെടുത്തില്ല.
ഇടവേളയ്‌ക്കുശേഷം ബയേൺ കരുത്താർജിച്ചു. ഡയസിന്റെ ശ്രമം ഗോളിന് അടുത്തെത്തി. ബോക്‌സിനുള്ളിൽവച്ച് പല തവണ നിറയൊഴിച്ചെങ്കിലും പിഎസ്‌ജി പ്രതിരോധനിരയിൽ തട്ടിത്തെറിക്കുകയായിരുന്നു. ഗോൾ കീപ്പർ മാറ്റ്‌വി സഫോനോവിന്റെ പ്രകടനവും നിർണായകമായി.
അവസാന ഘട്ടത്തിലായിരുന്നു കെയ്‌നിന്റെ ഗോൾ. അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു.
കഴിഞ്ഞ തവണ ഇന്റർ മിലാനെ അഞ്ച് ഗോളിന് തകർത്താണ് പിഎസ്‌ജി ജേതാക്കളായത്. രണ്ട് തവണ തുടർച്ചയായി കിരീടം നേടിയ ഏക ടീം റയൽ മാഡ്രിഡാണ്.











0 comments