ഡൽഹിയിൽ വൻ സംഘർഷം: പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലപ്രയോഗം

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണെമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. കോക്രോച്ച് ജനതാ പാർടി ആഹ്വാനം ചെയ്ത മാർച്ചിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. എന്നാൽ ഈ മാർച്ചിന് അനുമതി നൽകാതെ പൊലീസ് പ്രതിഷേധം അടിച്ചമർത്താനാണ് ശ്രമിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാർലമെന്റ് മാർച്ചും കണക്കിലെടുത്ത് ഇന്നലെ തന്നെ ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഇന്ന് സംഘർഷം ഉടലെടുത്തതോടെ പാർലമന്റ് ഗേറ്റുകൾ അടച്ചു.
പാർലമെന്റിലേക്ക് മാർച്ച് ചെയ്യാനെത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലംപ്രയോഗിച്ചു. പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കാനായി ലത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രകാശ്രാജ് ഉൾപ്പെടെയുള്ളവർക്ക് നേരെ പൊലീസ് ലാത്തിവീശി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അർധ സൈനിക വിഭാഗവും എത്തുമെന്നാണ് വിവരം. പാർലമെന്റ് പരിസരത്തും ജന്തർ മന്തറിലും ജാമർ ഉപയോഗിച്ച് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയിരിക്കുകയാണ്. ജന്തർ മന്തറിലേക്ക് എത്താൻ കഴിയുന്ന എല്ലാ മെട്രോ സ്റ്റേഷനുകളുടേയും ഗേറ്റ് അടച്ചു.
ജന്തർമന്തറിൽ നിന്ന് കൂടാതെ, ഡൽഹിലെ തന്ത്രപ്രധാന സ്ഥലമായ കൊണാർട്ട് പ്ലേസിൽ നിന്നും പ്രവർത്തകർ പാർലമെന്റിലേക്ക് പ്രതിഷേധവുമായി പ്രവർത്തകർ എത്തുന്നുണ്ട്. പ്രദേശത്തും മന്ത്രിമാരുടേയും എംപിമാരുടേയും വസതികൾക്ക് കൂടുതൽ സുരക്ഷയുറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പൊലീസ് ബലം പ്രയോഗിച്ചിട്ടും പിന്മാറാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല. പാർലമെന്റിന് മുന്നിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ വിഷയം ചർച്ചചെയ്യാൻ അടിയന്തര യോഗം ചേരുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും പങ്കെടുക്കുന്നതായാണ് വിവരം.









0 comments