ഓപ്പൺ എഐ ചീഫ് ടെക്നിക്കൽ ഓഫീസര്‍ പദവിയിൽ ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു

സാൻ ഫ്രാൻസിസ്കോ: നിര്‍മിത ബുദ്ധി മേഖലകളിൽ കുത്തക കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ ഓപ്പൺ-എഐ ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ തങ്ങളുടെ 'ചീഫ് ടെക്നോളജി ഓഫീസർ ഫോർ കമ്പ്യൂട്ട്' ആയി നിയമിച്ചു.
വൻകിട കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ലഭ്യമാക്കുന്നതിൽ കമ്പനികൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യമാണ്. കൂടുതൽ ശേഷിയുള്ള പുതിയ എഐ മോഡലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രൊസസിങ് പവർ, നെറ്റ്‌വർക്കിങ്, ഡാറ്റാ സെന്റർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കടുത്ത ശ്രമങ്ങൾ തുടരുന്നു. ഇതിനിടയിലാണ് പുതിയ സ്ഥാനാരോഹണം.
ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിൽ ഉദയ് രുദ്ദരാജു തന്നെയാണ് പുതിയ ചുമതലയുടെ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇലോൺ മസ്കിന്റെ എക്സ്എ ഐ (xAI)-ൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് വിഭാഗത്തിന് നേതൃത്വം നൽകിയ ശേഷമാണ് ഒരു വർഷം മുമ്പ് ഉദയ് 'ഹെഡ് ഓഫ് കമ്പ്യൂട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ' ആയി ഓപ്പൺഎഐയിൽ ചേരുന്നത്. അതിനുമുമ്പ് റോബിൻഹുഡ്, ഈബേ എന്നീ പ്രമുഖ കമ്പനികളിൽ വലിയ തോതിലുള്ള ക്ലൗഡ്, പ്ലാറ്റ്‌ഫോം സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാവരിലേക്കും എഐ സേവനങ്ങൾ എത്തിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ 'കമ്പ്യൂട്ട് ഫൂട്ട്പ്രിന്റ്' നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പ്യൂട്ടിംഗ് വികസനം, ഹാർഡ്‌വെയർ, മാനുഫാക്ചറിംഗ്, ഡാറ്റാ സെന്റർ നിർമ്മാണം എന്നിവയിൽ വലിയ പദ്ധതികളാണ് വരാനിരിക്കുന്നതെന്നും ഉദയ് പ്രതികരിച്ചു.









0 comments