print edition കാവിവൽക്കരണം സമ്പൂർണമാക്കാൻ കോൺഗ്രസ്–ലീഗ് ഒത്താശ

എൻ കെ സുജിലേഷ്
Published on Oct 19, 2026, 12:34 AM | 1 min read
മലപ്പുറം: കലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസുകൾ കാവിവൽക്കരിക്കുന്നത് കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഒത്താശയോടെ. കോൺഗ്രസ്–ലീഗ് അംഗങ്ങൾ നേതൃത്വം നൽകുന്ന സിൻഡിക്കറ്റിന്റെ പിന്തുണയോടെയാണ് ബോർഡ് ഓഫ് സ്റ്റഡീസുകളിൽ 42 സംഘപരിവാർ നേതാക്കളെ കുത്തിനിറച്ചത്. സിലബസും പുസ്തകങ്ങളും നിശ്ചയിക്കുന്നതടക്കം ബോർഡ് ഓഫ് സ്റ്റഡീസാണെന്നതിനാൽ സംഘപരിവാർ നേതാക്കളെ കുത്തിനിറച്ചത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
സർവകലാശാല പരിധിയിലെ 32ഉം സർവകലാശാലയ്ക്കുപുറത്തെ പത്തും സംഘപരിവാർ അനുകൂലികളാണ് ബോർഡ് ഓഫ് സ്റ്റഡീസുകളിൽ ഇടംപിടിച്ചത്. രണ്ട് പ്രധാന ബോർഡുകളുടെ ചെയർമാൻ സ്ഥാനത്ത് സംഘപരിവാറുകാരെ നിയമിച്ചിട്ടും കോൺഗ്രസ്– ലീഗ് സിൻഡിക്കറ്റംഗങ്ങൾ മിണ്ടിയിട്ടില്ല.
കഴിഞ്ഞ ഏപ്രിലിൽ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസിന്റെ കാലാവധി അവസാനിച്ചിരുന്നു. ജൂണിലാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് വരേണ്ടത്. ജൂലൈ 29ന് ചേർന്ന സിൻഡിക്കറ്റ് യോഗം ബോർഡ് ഓഫ് സ്റ്റഡീസുകൾ പുനഃസംഘടിപ്പിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് 93 ബോർഡുകളും പുനഃസംഘടിപ്പിച്ച് 15ന് ഉത്തരവിറങ്ങിയത്. പ്രധാന പഠനവകുപ്പുകളിലെല്ലാം സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയപ്പോൾ കോൺഗ്രസ്–ലീഗ് അനുകൂല സംഘടനാ നേതാക്കളുടെ പേര് വെട്ടി. പല ബോർഡുകളിലും സർവകലാശാലയ്ക്കു പുറത്തെ അധ്യാപകരെത്തിയത് സംഘപരിവാർ ബന്ധത്തിലൂടെ മാത്രമായിട്ടും യുഡിഎഫ് സിൻഡിക്കറ്റംഗങ്ങൾക്ക് പ്രതിഷേധമില്ല.









0 comments