print edition വകുപ്പിൽ പലതും നടക്കുന്നുണ്ട്: നോക്കുകുത്തിയായി മന്ത്രി ലിജു


വി എസ് വിഷ്ണുപ്രസാദ്
Published on Oct 19, 2026, 12:39 AM | 1 min read
തിരുവനന്തപുരം: സ്വന്തം വകുപ്പുകളിൽ നടക്കുന്നതൊന്നും മന്ത്രി എം ലിജു അറിയുന്നില്ലെന്ന ആക്ഷേപം ശരിവച്ച് ചാലക്കുടിയിലെ ഹോർടി വൈൻ വിൽപന വിവാദം. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മന്ത്രിയോടുപോലും ആലോചിക്കാതെ വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ആക്ഷേപം ശക്തമായി. എക്സൈസ് കമീഷണറാണ് മുഖ്യമന്ത്രിക്കായി രഹസ്യനീക്കംനടത്തിയതെന്നാണ് പുതിയ ആരോപണം.
ചാലക്കുടിയിലെ ബേക്കറിയിൽ വീര്യംകൂടിയ വൈൻ വിൽക്കാൻ അനുമതി നൽകിയത് താൻ അറിഞ്ഞില്ല എന്ന മന്ത്രിയുടെ തുറന്നുപറച്ചിൽ സർക്കാരിലെയും കോൺഗ്രസിലെയും ഭിന്നതയുടെ തെളിവാണ്. കെ സി വേണുഗോപാൽ പക്ഷക്കാരനായ ലിജുവിന്റെ വകുപ്പിൽ വി ഡി സതീശൻ ഇടപെടുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് പലതീരുമാനങ്ങളും എടുക്കുന്നതിന്റെ എതിർപ്പ് ലിജു പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്.
വീര്യംകുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കം മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുന്പോഴാണ് താൻ അറിഞ്ഞത് എന്ന് ലിജു പറഞ്ഞിരുന്നു.
എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിലും ഭിന്നതയുണ്ട്. ബിവറേജസ് കോർപറേഷൻ പിടിക്കാൻ കോൺഗ്രസിലെ രണ്ട് സംഘടനകൾ നടത്തുന്ന കളികളിലും മന്ത്രി കാഴ്ചക്കാരനാണ്. ലിജുവിന് ചുമതലയുള്ള സഹകരണവകുപ്പിൽ ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചു നൽകുന്ന രീതി നിർത്തലാക്കാൻ തീരുമാനിച്ചതും മന്ത്രിയോട് ആലോചിക്കാതെയായിരുന്നു.









0 comments