ad
Deshabhimani

print edition ജൊകോ വീണു

Novak Djokovic

Photo: AFP

വെബ് ഡെസ്ക്

Published on Sep 01, 2026, 12:53 AM | 1 min read

ന്യൂയോർക്ക്‌: പ്രായവും പരിക്കും ഒടുവിൽ നൊവാക്‌ ജൊകോവിച്ചിനെ തളർത്തി. കളിജീവിതത്തിൽ ആദ്യമായി സെർബിയൻ ഇതിഹാസതാരം യുഎസ്‌ ഓപ്പൺ ടെന്നീസിന്റെ ആദ്യ റ‍ൗണ്ടിൽ പുറത്തായി. നാല്‌ മണിക്കൂർ 36 മിനിറ്റ്‌ നീണ്ട കളിയിൽ മരിയാനോ നവോനെ എന്ന അർജന്റീനയുടെ ഇരുപത്തഞ്ചുകാരൻ ജൊകോയെ വീഴ്‌ത്തി. അഞ്ച്‌ സെറ്റ്‌ കളിയിലാണ്‌ തോൽവി. സ്‌കോർ: 7–6, 5–7, 4–6, 6–2, 6–1. രണ്ട്‌ പതിറ്റാണ്ടിനിടയിൽ ആദ്യമായാണ്‌ ഒരു ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റിന്റെ ആദ്യ റ‍ൗണ്ടിൽ സെർബിയക്കാരൻ പുറത്താകുന്നത്‌. 2006ലെ ഓസ്‌ട്രേലിയൻ ഓപ്പണിലായിരുന്നു അവസാനത്തേത്‌.


നാല്‌ തവണയാണ്‌ യുഎസ്‌ ഓപ്പണിൽ ജൊകോ ജേതാവായിട്ടുള്ളത്‌. കഴിഞ്ഞവർഷം സെമിയിൽ പുറത്തായി. ഇക്കുറി നവോനെയോട്‌ മികച്ച തുടക്കമാണ്‌ കിട്ടിയത്‌. ആദ്യ സെറ്റിൽ 3–0നും 4–1നും മുന്നിലെത്തിയതാണ്‌. പക്ഷേ, നാലാം ഗെയിമിൽതന്നെ സെർബിയക്കാരന്‌ അപകട സൂചന ലഭിച്ചിരുന്നു. ഇടതുകാൽപാദത്തിലെ വേദന കാരണം വേഗത്തിൽ നീങ്ങാനായില്ല. ആദ്യ സെറ്റ്‌ ടൈബ്രേക്കിൽ നഷ്ടമായി. കളി പുരോഗമിക്കുംതോറും ക്ഷീണം വർധിച്ചു. പല തവണ ഡോക്ടറുടെ പരിചരണം നേടി. ഇതിനിടെ ചർദിച്ചു. പക്ഷേ, കളി നിർത്തിയില്ല ജൊകോ. 70 പിഴവുകളാണ്‌ മത്സരത്തിൽ മുൻ ചാന്പ്യൻ വരുത്തിയത്‌.


രണ്ടാം സെറ്റും മൂന്നാം സെറ്റും നേടിയപ്പോൾ ജൊകോയുടെ പഴയ പ്രതാപം കണ്ടു. പക്ഷേ, നാലാം സെറ്റിൽ കളി കൈവിട്ടു. അഞ്ച്‌ സെറ്റ്‌ മത്സരങ്ങളിൽ 43 തവണ ജയം സ്വന്തമാക്കിയിട്ടുള്ള സെർബിയക്കാരന്‌ ഇക്കുറി അത്‌ ആവർത്തിക്കാനായില്ല. 6–1നാണ്‌ നവോനെ അഞ്ചാം സെറ്റ്‌ സ്വന്തമാക്കി ജയം കുറിച്ചത്‌. ഇരുപത്തിനാല്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരനായ ജൊകോയ്--ക്ക് ഇനിയൊരു തിരിച്ചുവരവ്‌ കഠിനമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home