സ്കൂട്ടർയാത്രികന്റെ മരണം
മണ്ണത്തൂരിൽ നാട്ടുകാർ ടിപ്പർലോറികൾ തടഞ്ഞു

Tipper lorries blocked
കൂത്താട്ടുകുളം
തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മണ്ണത്തൂർ ആടുകുഴി പാറമടയ്‌ക്കുസമീപം ടിപ്പർലോറികൾ തടഞ്ഞു. കഴിഞ്ഞദിവസം ഇവിടെ ലോറിയിടിച്ച് സ്കൂട്ടർയാത്രികൻ മരിച്ചിരുന്നു. പാമ്പാക്കുട കൈനി മൂക്കനേത്ത് എം വി പൗലോസാണ് (ജോസ്–58) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്.
ആടുകുഴി പാറമടയുടെ റോഡ് ആരംഭിക്കുന്നിടത്തായിരുന്നു അപകടം. പാറമടയിലേക്ക് പോകാനുള്ള ലോറി ചുണ്ടി–ആറൂർ റോഡിലേക്ക് പിറകോട്ട് എടുക്കുന്നതിനിടെയാണ് സ്കൂട്ടറിലിടിച്ചത്. കുത്തനെയുള്ള കയറ്റവും വളവും കാരണം വലിയലോറികൾ വളരെ ബുദ്ധിമുട്ടിയാണ് പാറമടയിലേക്ക് കയറിപ്പോകുന്നത്. നേരത്തേ, പാറമടയിൽനിന്ന് ഇറങ്ങിവന്ന ടിപ്പർലോറിയിടിച്ച് കനാൽപാലത്തിന്റെ കൈവരി തകർന്നിരുന്നു.
പാറമടയിൽ ലോറി മറിഞ്ഞതും ഇവിടത്തെ സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുണ്ടായതുമെല്ലാം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ പാറമട ഉടമകൾ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും അനാസ്ഥ കാട്ടിയതാണ് ഒരാളുടെ മരണത്തിനിടയാക്കിയത്.
കൂത്താട്ടുകുളം പൊലീസും പാറമടനടത്തിപ്പുകാരും എത്തിയെങ്കിലും വാർഡ് അംഗം ബിനോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. അപകടങ്ങൾ ഒഴിവാക്കാൻ കനാൽ പാലത്തിനും പാറമട കവാടത്തിനുംസമീപം ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരെ നിയമിക്കാനും വിള്ളൽവീണ വീടുകളുടെ കണക്കെടുക്കാനും കനാൽ പാലം നവീകരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാനും ചർച്ചയിൽ തീരുമാനമായി.










0 comments