ad
Deshabhimani

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

പള്ളിക്കമണ്ണടി പാലം കടക്കാം ഉടൻ

പള്ളിക്കമണ്ണടി പാലം നിർമാണം പുരോഗമിക്കുന്നു
വെബ് ഡെസ്ക്

Published on Sep 01, 2026, 01:56 AM | 1 min read

ചാത്തന്നൂർ

നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് പള്ളിക്കമണ്ണടി പാലം യാഥാർഥ്യത്തിലേക്ക്. നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് പാലം യാഥാർഥ്യമാകുന്നതോടെ ചാത്തന്നൂരിൽ നിന്ന് കൈതക്കുഴി, ആദിച്ചനല്ലൂർ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. നിലവിൽ കടത്തുവള്ളത്തെ ആശ്രയിച്ചുള്ള യാത്രയ്ക്ക് ഇതോടെ അവസാനമാകും. എട്ടുമാസം മുമ്പാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. അടുത്ത സാമ്പത്തികവർഷം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുൻ എംഎൽഎ ജി എസ് ജയലാലിന്റെ ഇടപെടലിനെ തുടർന്ന് കിഫ്ബിയിൽനിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. ചാത്തന്നൂർ, കൈതക്കുഴി മേഖലകളെ ബന്ധിപ്പിച്ച് ചെന്നമത്ത് ക്ഷേത്രസമീപം ഇത്തിക്കരയാറിന് കുറുകെ പള്ളിക്കമണ്ണടി കടവിലാണ് പാലം നിർമിക്കുന്നത്. ദേശീയപാതാ വികസനം കൂടി പൂർത്തിയാകുന്നതോടെ ഓയൂർ–ഇത്തിക്കര മേഖലയിലെ ഗതാഗതത്തിന് പാലം നിർണായകമാകും. ദേശീയപാതയിലെ ഇത്തിക്കരയിൽ അടിപ്പാത ഇല്ലാത്തതിനാൽ ഓയൂർ ഭാഗത്തുനിന്ന് കൊല്ലം, കൊട്ടിയം മേഖലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിൽ ചാത്തന്നൂർ ഭാഗത്തേക്ക് തിരിഞ്ഞ് സഞ്ചരിക്കേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങൾക്ക് തിരുമുക്ക് അടിപ്പാതയിലേക്ക് തിരിയുന്നതിനുള്ള ബുദ്ധിമുട്ടും യാത്രാക്ലേശം വർധിപ്പിക്കുന്നു. പാലം പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും.കൈതക്കുഴിയിൽനിന്ന് പാലം വഴി ചാത്തന്നൂരിലെത്താൻ കുറഞ്ഞ ദൂരം മതിയാകും. ഇത്തിക്കര –ഓയൂർ റോഡിൽനിന്ന് കേവലം 300 മീറ്റർ അകലെയാണ് പാലം. പാലത്തിൽനിന്ന് ചാത്തന്നൂരിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഇതോടെ കൈതക്കുഴി, ആദിച്ചനല്ലൂർ, വെളിച്ചിക്കാല, മീയണ്ണൂർ, കുണ്ടുമൺ മേഖലകളിൽനിന്നുള്ളവർക്ക് ചാത്തന്നൂരിലെത്താൻ എളുപ്പമാകും. ​11.2 കോടി ചെലവ് ​കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11.2കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 77 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം മൂന്ന് സ്പാനുകളിലായാണ് നിർമിക്കുന്നത്. 7.5 മീറ്റർ വീതിയിൽ ടാറിങ് നടത്തും. ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. കൈതക്കുഴി ഭാഗത്ത് 300 മീറ്ററും ചാത്തന്നൂർ ഭാഗത്ത് 100 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും.കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണച്ചുമതല. ​പ്രതിസന്ധികൾ പിന്നിട്ട് ​പാലം യാഥാർഥ്യമാകാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. അപ്രോച്ച് റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സഹകരണം പദ്ധതി ഏറെ വൈകിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home