print edition ഇംഗ്ലണ്ടിൽ തല മാറുന്നു; ഒൻപത് ക്ലബുകൾ പരിശീലകരെ മാറ്റി

എൺസോ മറെസ-്ക, അൻഡോണി ഇറായോള, സാബി അലോൺസോ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ക്ലബുകൾ അടിമുടി മാറ്റത്തിൽ. ഒന്പത് ക്ലബുകൾ പരിശീലകരെ മാറ്റി. 21ന് പുതിയ സീസൺ തുടങ്ങും. ഇംഗ്ലീഷ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിന് മുന്പ് ഇത്രയും കൂടുതൽ പരിശീലകർ മാറുന്നത്. 2016ൽ എട്ട് പരിശീലകർ മാറിയതാണ് ഇതിനുമുന്പുള്ള റെക്കോഡ്.
ലിവർപൂൾ, മാഞ്ചസ്‌റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി എന്നീ വന്പൻ ക്ലബുകൾ പരിശീലകരെ മാറ്റി. സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് ആണ് പുതിയ കോച്ചിനെ കൊണ്ടുവന്ന പ്രധാന ടീം.
ലിവർപൂൾ അർണെ സ്ലോട്ടിനെ പുറത്താക്കി. അൻഡോണി ഇറായോളയാണ് പുതിയ കോച്ച്. മൂന്ന് സീസണിൽ ബോണിമൗത്തിനെ നയിച്ചാണ് നാൽപ്പതുകാരൻ ആൻഫീൽഡിൽ എത്തുന്നത്.
പെപ് ഗ്വാർഡിയോള പടിയിറങ്ങുന്പോൾ സിറ്റി ചെൽസിയുടെ മുൻ പരിശീലകൻ എൺസോ മറെസ്‌കയെ സ്വന്തമാക്കി. ഇറ്റലിക്കാരൻ രണ്ട് സീസണിലാണ് ചെൽസിയെ നയിച്ചത്.
റയൽ മാഡ്രിഡിൽനിന്ന് പുറത്താക്കപ്പെട്ട സാബി അലോൺസോ ചെൽസിയുടെ പരിശീലകനായെത്തി. ലിയാം റോസെനിയറിന് പകരക്കാരനായാണ് വരവ്. അലോൺസോയ്‌ക്ക് റയലിൽ നല്ല അനുഭവമായിരുന്നില്ല. ജർമൻ ക്ലബ് ബയേർ ലെവർകൂസനെ മനോഹരമായി നയിച്ച അലോൺസോയ്‌ക്ക് സ്വന്തം നാട്ടിൽ തിളങ്ങാനായില്ല. കളിജീവിതത്തിൽ നേട്ടമുണ്ടാക്കിയ റയലിൽ പരിശീലകനായി ഒരു സീസൺ തികച്ചില്ല നാൽപ്പത്തിനാലുകാരൻ. ചെൽസി പരിശീലകരെ നിരന്തരം മാറ്റിയാണ് ഒടുവിൽ അലോൺസോയിലെത്തിയത്.
ബോണിമൗത്ത് മാർകോ റോസിനെയും നോട്ടിങ്‌ഹാം ഫോറസ്‌റ്റ് ഒളിവർ ഗ്ലാസ്‌നെറെയും ക്രിസ്‌റ്റൽ പാലസ് പിയറിയ സാഗെയെയും നിയമിച്ചു. റയലിന്റെ ഇടക്കാല പരിശീലകനായിരുന്ന അൽവാരോ അർബിയോളയാണ് ഫുൾഹാമിന്റെ പുതിയ പരിശീലകൻ. ഇപ്‌സ്‌വിച്ച് ടൗൺ ഗാരി ഒനീലിനെയും സ്വന്തമാക്കി.
ന്യൂകാസിൽ യുണൈറ്റഡ് മത്തിയാസ് ജയ്‌സ്‌ലെയുമായി കരാറിൽ എത്തി. എഡ്ഡി ഹോയെ സ്ഥാനമൊഴിഞ്ഞിരുന്നു.
അഴ്‌സണലിന്റെ മിക്കേൽ അർടേറ്റയാണ് ഇൗ സീസണിലെ പരിചയസന്പന്നൻ. 2019ലാണ് സ്‌പാനിഷുകാരൻ അഴ്‌സണലിന്റെ ചുമതലയേറ്റത്. മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഇടക്കാല ചുമതലക്കാരനായ മൈക്കിൽ കാരിക്കിനെ മേയിൽ സ്ഥിരപ്പെടുത്തി. 2013 സർ അലെക്‌സ് ഫെ-ർഗൂസൻ വിരമിച്ചശേഷം ഏഴാമത്തെ പരിശീലകനാണ് യുണൈറ്റഡിന്. ടോട്ടനം ഹോട്‌സ്‌പർ മാർച്ചിൽ റോബർട്ടോ ഡി സെർബിയെ കൊണ്ടുവന്നു.
യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ ദ്യേഗോ സിമിയോണിക്കാണ് കൂടുതൽ കാലം ഒരു ക്ലബ്ബിൽ ഇരുന്നതിന്റെ റെക്കോഡ്. 2011 ഡിസംബറിലാണ് അർജന്റീനക്കാരൻ സ്‌പാനിഷ് ക്ലബ്ബിന്റെ പരിശീലകനായെത്തുന്നത്.
ഹൊസെ മൊറീന്യോ റയലിന്റെ പരിശീലകനായി തിരിച്ചെത്തിയതാണ് സ്‌പാനിഷ് ലീഗിലെ പ്രധാന മാറ്റം.









0 comments