നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാന്റോസ്

റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കോവിഡ്. ജൂൺ അഞ്ചിനാണ് താരത്തിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നും നിലവിൽ ചികിത്സയിലാണെന്നും സാന്റോസ് ക്ലബ്ബ് പ്രസ്താവനയിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച മുതൽ നെയ്മർ പരിശീലനത്തിൽ നിന്നും മറ്റും വിട്ടുനിൽക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നെയ്മറിന് കോവിഡ് പിടിപെടുന്നത്. നേരത്തെ 2021മെയിൽ താരത്തിന് കോവിഡ് ബാധിച്ചിരുന്നു.
പരിക്കുകാരണം ഏറെനാൾ കളത്തിലില്ലാത്ത നെയ്മറിന് രോഗബാധ പുതിയ തിരിച്ചടിയായി. ഏപ്രിലിൽ സാന്റോസിനായി കളക്കുന്നതിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു. ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് വീണ്ടും പരിക്കേറ്റത്. ബ്രസീൽ പരിശീലകനായി എത്തിയ കാർലോ ആൻസെലോട്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും നെയ്‌മറെ പരിഗണിച്ചിരുന്നില്ല. 2023 ഒക്‌ടോബറിലാണ് നെയ്‌മർ അവസാനമായി ദേശീയ കുപ്പായമിട്ടത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ഒരുവർഷത്തോളം പുറത്തിരുന്നു.
സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബ് അൽ ഹിലാലുമായി വേർപിരിഞ്ഞ നെയ്മർ ബാല്യകാല ക്ലബ്ബായ സാന്റോസിനായാണ് നിലവിൽ പന്ത് തട്ടുന്നത്. അക്കാദമി കാലം മുതൽ പത്തുവർഷം സാന്റോസിന്റെ ഭാഗമായിരുന്നു നെയ്‌മർ. 177 കളിയിൽ 107 ഗോളടിച്ചു. 2013ലാണ് ടീം വിട്ട് ബാഴ്‌സലോണയിൽ ചേർന്നത്. പിഎസ്‌ജിക്കായും അൽ ഹിലാലിനായും പിന്നീട് പന്ത് തട്ടി.









0 comments