ad
Deshabhimani

print edition ഞെട്ടറ്റു നക്ഷത്രം

Neymar.jpg
വെബ് ഡെസ്ക്

Published on Jul 07, 2026, 12:27 AM | 1 min read

നെയ്‌മർ ഒരു പകുതിയിൽ കളിയും കിനാവും മറുപകുതിയിൽ പരിക്കും കണ്ണീരുമാകുന്നു. പരിക്കുതോൽപ്പിച്ച കളി ജീവിതത്തിലെ അവസാന അധ്യായത്തിൽ ഗോൾകൊണ്ട്‌ നെയ്‌മർ ഫുൾ സ്‌റ്റോപ്പിട്ടു. തുടക്കംകുറിച്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫിൽ സ്‌റ്റേഡിയത്തിൽതന്നെ ഒടുക്കവും. ‘ഞാൻ ഏറെ ശ്രമിച്ചു. കഴിഞ്ഞില്ല. ഇവിടെനിന്ന്‌ തുടങ്ങി.


ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു–നെയ്‌മർ തോൽവിക്കുശേഷം വ്യക്തമാക്കി. 2010 ആഗസ്‌തിലായിരുന്നു അരങ്ങേറ്റം. അന്ന്‌ സ‍ൗഹൃദ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഗോളുമായി തുടങ്ങി. പതിനാറ്‌ വർഷങ്ങൾക്കിപ്പുറം മറ്റൊരു ഗോൾ കൊണ്ട്‌ അവസാനം. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌. 130 മത്സരങ്ങളിൽ 80 ഗോൾ. 59 എണ്ണത്തിന്‌ അവസരമൊരുക്കി.


രണ്ട്‌ പതിറ്റാണ്ടിനടുത്ത കളി ജീവിതത്തിൽ ബ്രസീലിനായി ഒരു ലോക കിരീടം നേടാൻ കഴിഞ്ഞില്ല എന്നുള്ളത്‌ നെയ്‌മറുടെ ഉള്ളിൽ നോവായി അവശേഷിച്ചു. 2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കൊളംബിയൻ താരം യുവാൻ കാമിലോ സുനിഗയുടെ ചവിട്ടേറ്റു വീണ നെയ്‌മർ കണ്ണീർ ചിത്രമായി.


നെയ്‌മറില്ലാത്ത ബ്രസീൽ ജർമനിയോട്‌ 7–1ന്‌ തകർന്നു. 2018ലും പരിക്ക്‌ വിനയായി. 2022ൽ മിന്നലാട്ടങ്ങൾ കണ്ടു. നാല്‌ വർഷം കഴിയുന്പോഴേക്കും ആ പ്രതിഭ മങ്ങിയിരുന്നു. സാംബ താളം വിട്ടുപോയിരുന്നു. ഇത്തവണ രണ്ട്‌ കളിയിൽ പകരക്കാരനായാണ്‌ ഇറങ്ങിയത്‌. ലോകകപ്പിന്‌ മുമ്പ്‌ ദേശീയ കുപ്പായത്തിൽ കളിച്ചത്‌ 2023ലായിരുന്നു.


കളിജീവിതത്തിൽ 1200 ദിവസങ്ങൾ നെയ്‌മർക്ക്‌ പരിക്കുകാരണം നഷ്ടമായി എന്നാണ്‌ കണക്ക്‌. 2013ൽ യൂറോപ്പിലേക്ക്‌ മാറിയതിനുശേഷം 30 തവണയെങ്കിലും പരിക്കിന്റെ പേരിൽ ആശുപത്രിവാസമുണ്ടായി. കാൽമുട്ട്‌, കണങ്കാൽ, കാൽപ്പാദം എന്നിവിടങ്ങളിലായി നാല്‌ പ്രധാന ശസ്‌ത്രക്രിയകൾക്ക്‌ വിധേയനായി. ഇതിനിടയിലും ബ്രസീലിന്റെ ആനന്ദവും പ്രതീക്ഷയും നെയ്‌മർ മാത്രമായിരുന്നു. പരിക്കിലും അവർ തേടിയത്‌ ആ തിരിച്ചുവരവായിരുന്നു. പക്ഷേ, പൂർണതയില്ലാതെ നെയ്‌മറെന്ന നക്ഷത്രം അവസാനിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home