print edition ബ്രസീൽ സൂപ്പർതാരം നെയ്മർ പറയുന്നു; ഞാനൊരു പച്ചമനുഷ്യൻ

മൂന്ന് വർഷമായി ലോകഫുട്‌ബോളിൽ നെയ്‌മറിന് ഓർക്കാനൊന്നുമില്ല. വേദനകളുടെ കാലം കഴിഞ്ഞ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ തിരിച്ചെത്തുകയാണ്. പരിക്ക് വേട്ടയാടിയ മൂന്നാണ്ടുകൾക്കുശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ലോകകപ്പിലൂടെയാണ്.
ഇതിൽപ്പരം ആനന്ദം മറ്റൊന്നുമില്ലെന്നാണ് മുപ്പത്തിനാലുകാരൻ പറയുന്നത്. നാലാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. 2014 മുതൽ എല്ലാ പതിപ്പിലുമായി 13 കളിയിൽ എട്ട് ഗോളും നാല് അവസരങ്ങളുമൊരുക്കി. ലോകകപ്പിന് മുമ്പ് നെയ്‌മർ സംസാരിക്കുന്നു.
കളിജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
കളിജീവിതത്തിൽ എന്റേതായ വ്യക്തിമുദ്ര ഞാൻ പതിപ്പിച്ചു കഴിഞ്ഞു. ഇനി വലുതായൊന്നും ആഗ്രഹിക്കുന്നില്ല. ആരാധകർ പലതരത്തിലായി ഓർക്കുന്നു, സ്‌നേഹിക്കുന്നു. ഇത് ധാരാളം. ഇൗ ലോകകപ്പിൽ സന്തോഷകരമായി പന്തുതട്ടും.
ബ്രസീലിന്റെ പെരുമ ഉയർത്തും. അവിചാരിതമായാണ് ഫുട്‌ബോളിൽ എത്തിയത്. അതെനിക്കെല്ലാം തന്നു. ഭാവിയിൽ എന്റെ കുട്ടികളോട്, പേരമക്കളോട് ഞാൻ രാജ്യത്തിനായി ചെയ്‌ത കാര്യങ്ങൾ അഭിമാനത്തോടെ പറയാനാകും.
നെയ്മറെന്ന കളിക്കാരൻ ഏത് രീതിയിൽ ഓർമിക്കപ്പെടണം എന്നാണ് ആഗ്രഹം?
സത്യസന്ധനായ കളിക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. കളത്തിൽ 100 ശതമാനവും നൽകിയിട്ടുണ്ട്. സാന്റോസ്, ബാഴ്‌സലോണ, പിഎസ്‌ജി, അൽ ഹിലാൽ ക്ലബുകൾക്കായും ബ്രസീലിനായും കളിച്ച ഓരോ നിമിഷവും ടീമിന്റെ ജയത്തിനായി എന്നാലാവുന്നത് ചെയ്‌തു. ഒരിക്കൽപോലും അതിൽനിന്ന് അണുവിട തെറ്റിയിട്ടില്ല.
പരിക്കുകൾ വേട്ടയാടിയതിനെ കുറിച്ച്?
എല്ലാവരെയും പോലെ പച്ചയായ മനുഷ്യനാണ് ഞാനും. വേദനയും സങ്കടവും വരുമ്പോൾ കരയും. സന്തോഷമാകുമ്പോൾ ചിരിക്കും. പരിക്ക് വർഷങ്ങളോളം കളിയുമായി അകറ്റി. അപ്പോഴൊക്കെ സങ്കടമായിരുന്നു. എന്നാൽ ചുറ്റുമുള്ളവരുടെ പ്രേരണ കരുത്തുപകർന്നു. തിരിച്ചുവരാനുള്ള ഉൗർജം അവരാണ്.
ഭാവിയെപ്പറ്റി?
സാന്റോസ് ക്ലബിനായി ഒരുവർഷം കൂടി കരാറുണ്ട്. അത് പൂർത്തിയാക്കണം. അതാണ് നിലവിലെ തീരുമാനം. ടീമിനായി നല്ല പ്രകടനം നടത്തുക എന്നതാണ് ലക്ഷ്യം. അടുത്ത ജനുവരിയിൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കും. അത് അപ്പോഴുള്ള എന്റെ മാനസിക–ശാരീരികനിലയനുസരിച്ചാകും.









0 comments