print edition ഓർമക്കടൽ

എൻ ക്രിസ്തുദാസ്

വൈഷ്‌ണവ് ബാബു
Published on Jun 07, 2026, 02:08 AM | 4 min read
കോപംപൂണ്ട കടലിൽ വമ്പനൊരു മത്സ്യത്തെ വരുതിയിലാക്കാൻ വീര്യത്തോടെ ശ്രമിച്ചവനാണ് ഏണസ്റ്റ് ഹെമിങ്‌വേയുടെ സാന്റിയാഗോ. ദിവസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ വഞ്ചി കരയ്ക്കടുപ്പിച്ചപ്പോൾ ആ കൂറ്റൻ മത്സ്യത്തിന്റെ അസ്ഥികൂടം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
തീരത്തുള്ളവർക്കത് വെറുമൊരു ‘മുള്ള്' മാത്രമായിരുന്നെങ്കിൽ, സാന്റിയാഗോയെന്ന വയോധികന് ജീവന്റെ അവസാന ശ്വാസംവരെ കടലിനോട് പൊരുതിനിന്നതിന്റെ വിജയാടയാളമായിരുന്നു. കരയിലുള്ളവർക്ക് കടൽ ദൃശ്യവിരുന്നാണ്. അതിലേക്ക് ഇറങ്ങിത്തിരിക്കുന്നവർക്കാകട്ടെ അതിജീവനത്തിന്റെ ചുഴിത്തിരകളും.
നീലപ്പരപ്പിനപ്പുറം, തിട്ടപ്പെടുത്താനാകാത്ത പലതും ഒളിഞ്ഞിരിപ്പുണ്ട്. സൂര്യപ്രകാശമെത്താത്ത ഇരുണ്ട ആഴങ്ങളിൽ കൂറ്റൻ പർവതനിരകളും വേറിട്ട ജീവലോകവുമുണ്ട്. ഉപരിതലത്തിൽ കൊടുങ്കാറ്റ് വിനാശത്തിന്റെ വിത്തുപാകുമ്പോഴും അഗാധമായ അടിത്തട്ട് ശാന്തമായിരിക്കുന്നു.
രാത്രിയിൽ തിരയോടുമല്ലിട്ട് വഞ്ചിതുഴയുന്ന ഓരോ മത്സ്യത്തൊഴിലാളിയും നേരിടുന്നത് ഇൗ നിഗൂഢതയെക്കൂടിയാണ്. സാറ്റലൈറ്റുകളോ ആധുനിക മാപ്പുകളോ ഇല്ലാതിരുന്ന കാലത്ത് നക്ഷത്രക്കൂട്ടങ്ങളെ നോക്കിയും കടൽക്കാറ്റിന്റെ ഗതി മനസ്സിലാക്കിയും തിരമാലകളുടെ താളവ്യതിയാനങ്ങൾ തിരിച്ചറിഞ്ഞും അവർ കടലിന്റെ ‘രഹസ്യഭാഷ’ പഠിച്ചെടുത്തു. തലമുറകളായി കൈമാറിവന്ന ഈ പരമ്പരാഗത അറിവ് ഇന്നും നമ്മുടെ മത്സ്യത്തൊഴിലാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം പുല്ലുവിളയിലെ മത്സ്യത്തൊഴിലാളിയായ എൻ ക്രിസ്തുദാസ് 18–ാം വയസ്സിലാണ് ചെറിയ കട്ടമരത്തിൽ (മരക്കഷണങ്ങൾ കൂട്ടിക്കെട്ടിയ വഞ്ചി) കടൽപ്പരപ്പിലേക്ക് ഇറങ്ങിയത്. തുഴഞ്ഞ് തുഴഞ്ഞ്, കടലിനോട് ഇണങ്ങിയും പിണങ്ങിയും മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. തന്റെ കടലോർമകളെക്കുറിച്ച് അറുപത്തിമൂന്നുകാരനായ ക്രിസ്തുദാസ് സംസാരിക്കുന്നു
കൈക്കരുത്തിന്റെ കട്ടമരക്കാലം
പുല്ലുവിള കൊച്ചുപള്ളിയുടെ താഴെയുള്ള തീരത്തുനിന്ന് എൺപതു-കളുടെ തുടക്കത്തിലാണ് ആദ്യമായി കടലിലേക്ക് തുഴഞ്ഞത്. കട്ടമരം മാത്രമായിരുന്നു ആശ്രയം. ആദ്യനാളുകളിൽ, കടപ്പുറത്ത് ആർത്തിരമ്പിവരുന്ന ഭീമൻ തിരമാലകളെ ഭേദിച്ച് കട്ടമരം ഇറക്കാൻ ദീർഘനേരം കാത്തുനിന്നിട്ടുണ്ട്.
എന്നാൽ ആ തിരകൾക്ക് കൃത്യമായൊരു ക്രമമുണ്ടായിരുന്നെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഏഴു തിരകൾ കഴിഞ്ഞു വരുന്ന ഒന്നാം തിരയുടെ ശാന്തത നോക്കി കട്ടമരം കടലിലേക്ക് തള്ളിവിടാമെന്ന അറിവും മറ്റുള്ളവരിൽനിന്ന് ലഭിച്ചു. ഏഴാംതിരയെന്ന ഇൗ സങ്കൽപ്പം എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. കടലിന്റെ താളമനുസരിച്ച് ഏഴാംതിര ചിലപ്പോൾ വലുതും ചെറുതുമായേക്കാം. വലിയ തിരയാണ് വരുന്നതെന്നുകണ്ടാൽ കട്ടമരം ഇറക്കില്ല. ചെറുതാണെങ്കിൽ ഉറച്ചുതുഴഞ്ഞ് ആർപ്പുവിളികളോടെ തിരയെ മറിച്ച് മുന്നോട്ടുപോകും.
നൊത്തോലിവല, ചാളവല, അയലവല, ഡിസ്കോവല, റോൾവല തുടങ്ങി ചെറിയ കണ്ണികളുള്ള വലകളാണ് അന്ന് ഉപയോഗിച്ചത്. ഇപ്പോൾ എൻജിൻ വള്ളങ്ങളിലും ബോട്ടുകളിലും ഉപയോഗിക്കുന്ന നീളമേറിയ വലകൾ കട്ടമരത്തിൽ കൊണ്ടുപോകാൻ പ്രയാസമായിരുന്നു. മരത്തിൽ പോകുമ്പോൾ നൊത്തോലിയെയും ചാളയെയുമാണ് കൂടുതലായും ലക്ഷ്യംവയ്ക്കുക. എൻജിനുകളുടെ ഇരമ്പലില്ലാത്ത, ദൂരങ്ങൾ അളക്കാൻ ആധുനിക സംവിധാനങ്ങളില്ലാത്ത അക്കാലത്ത് പ്രകൃതിയുടെ മാറ്റങ്ങൾ മാത്രമാണ് വഴികാട്ടിയായത്.
ടിവിയിലെ കാലാവസ്ഥാ പ്രവചനങ്ങളോ റേഡിയോയിലെ അറിയിപ്പുകളോ ഇല്ല. മാറുന്ന ആകാശത്തെ നോക്കി കൊടുങ്കാറ്റും മഴയും വരുന്നത് തിരിച്ചറിഞ്ഞിരുന്നു. കടലിന്റെ ആഴമളക്കാൻ ‘മാറ്' എന്നൊരു കണക്കുണ്ടായിരുന്നു അന്ന്. ഒരാൾ രണ്ടു കൈകളും നിവർത്തിപ്പിടിച്ചാൽ ലഭിക്കുന്ന അളവാണ് ഒരു മാറ്. ഇത്തരം പതിനെട്ട് മാറുകൾ ചേരുന്ന ദൂരത്തെ ‘പൊളുപ്പാൻ' എന്നും ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ മാറുകൾ ചേരുന്ന കടലിനെ ‘മലയിളമ്പി കാലടി' എന്നും 35 മാറ് എത്തിയാൽ പുത്തൻകെട്ടെന്നും വിളിച്ചു. കട്ടമരത്തിൽ തുഴഞ്ഞ് അഞ്ചു നോട്ടിക്കൽ മൈൽവരെ കടലിൽപ്പോയിട്ടുണ്ട്.
അർധരാത്രിയിലെ നിലവിളികൾ
കട്ടമരത്തിൽ ഒരേസമയം രണ്ടുപേർ മാത്രമാണ് പോകുക. വല്ലപ്പോഴും ചാളവലയുമായി ഒറ്റയ്ക്ക് ഉൾക്കടലിലേക്ക് പോയിട്ടുമുണ്ട്. അർധരാത്രിയിൽ പെട്ടെന്ന് കടലിന്റെ ഭാവം മാറും. കാറ്റടിക്കുമ്പോൾ ഓളങ്ങൾ വർധിക്കും. അപ്പോൾ കട്ടമരത്തിൽ ഇരിക്കാൻപോലും അനുവദിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഇട്ട് ചാടിക്കും. ആ ‘കരിങ്കടലിന്റെ’ നടുവിൽവച്ച് മരം കമഴ്ന്നുവീണാൽ രക്ഷിക്കാൻ ആരുമില്ലെന്ന ചിന്ത മനസ്സിൽനിറയും.
രാത്രികളിൽ വെളിച്ചത്തിനായി ശക്തിയേറിയ ലൈറ്റുകളൊന്നും ലഭ്യമല്ലായിരുന്നു. അതിനാൽ തൊട്ടടുത്ത് മറ്റൊരു കട്ടമരമുണ്ടെങ്കിൽപ്പോലും കാണാൻ കഴിയില്ല. ഇരുട്ടിൽ സാന്നിധ്യം അറിയിക്കാൻ ഞങ്ങൾ പരസ്പരം ഉച്ചത്തിൽ ശബ്ദമുണ്ടാക്കും. ശബ്ദമെന്നല്ല, നിലവിളിയെന്നാണ് അതിനെ പറയേണ്ടത്. നിലവിളി കേട്ടാൽ മാത്രമേ തൊട്ടടുത്തൊരു മനുഷ്യനുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കൂ. പ്രകൃതിയോട് പൊരുതുമ്പോഴും മനുഷ്യൻ മനുഷ്യന് കൂട്ടാകുന്നത് ആ ശബ്ദങ്ങളിലൂടെയായിരുന്നു.
ചില രാത്രികളിൽ കടൽ വഞ്ചനകാട്ടും. ഒരിക്കൽ അടുത്ത ബന്ധുവിനെയുംകൂട്ടി കടലിൽ പോയപ്പോൾ, ആദ്യത്തെ വല വലിച്ച് കിട്ടിയ മീനുകളൊക്കെ കട്ടമരത്തിൽവച്ചു. രണ്ടാമതും വല ഇളക്കിയിട്ടിട്ട് അൽപ്പനേരം കിടന്നുറങ്ങി. എന്നാൽ കുതിച്ചുവന്ന ഒരു എൻജിൻ വള്ളം ഇരുട്ടിൽ കട്ടമരത്തിന്റെ മുകളിലേക്ക് കയറി.
അതോടെ മീനുകളെല്ലാം കടലിൽ പോയി, വലയും നഷ്ടപ്പെട്ടു. ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സിൽ. രാജു, ജോസ് എന്നീ സഹപ്രവർത്തകർക്കൊപ്പം പോയപ്പോഴും അപകടങ്ങളുണ്ടായിട്ടുണ്ട്. കടൽ ശാന്തമാണെന്ന് കരയിലിരിക്കുന്നവർ കരുതുമെങ്കിലും അന്തരീക്ഷം മാറുമ്പോൾ പരീക്ഷണശാലയായി മാറും. പെട്ടെന്ന് വീശുന്ന കാറ്റ് വള്ളങ്ങളെ എടുത്തു കൊണ്ടുപോയി തലകീഴായി കമഴ്ത്തിക്കളയും.
ഉയർന്നും താഴ്ന്നും ആടിയുലയുന്ന വള്ളത്തെ പിടിച്ചുകെട്ടുകയെന്നത് ശ്രമകരമായ ജോലിയാണ്. അപകടത്തിൽപ്പെടുന്നവരെ കടലിൽ പോകുന്നവർ പരസ്പരം സഹായിക്കാറുണ്ട്. ഒരിക്കൽ മക്കൾ വള്ളവുമായി പോയപ്പോൾ, പൂവാറുള്ള രണ്ടുപേർ വള്ളം മറിഞ്ഞ് അതിന്റെ മുകളിൽ കയറിയിരുന്ന് നിലവിളിക്കുന്നത് കണ്ട് അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു.
ചെറിയ മീനുകളെ ഒഴിവാക്കും
2001- ആയതോടെ സ്വന്തമായി വള്ളവും വലയും എൻജിനും വാങ്ങി. എൻജിൻ വന്നതോടെ കടലിൽ പോകുന്ന ദൂരവും ആത്മവിശ്വാസവും വർധിച്ചു. ഒമ്പത് എച്ച്പി എൻജിനുള്ള വഞ്ചിയിൽ നാലുപേരാണ് പണിക്ക് പോയത്. 28 നോട്ടിക്കൽ മൈൽവരെ സഞ്ചരിക്കും. ഇന്ന് വിപണിയിൽ 25-ന്റെയും 40-ന്റെയും വലിയ എൻജിനുകൾ വന്നതോടെ 70 മൈൽവരെ പോകാനാകും. ബോട്ടിലാണെങ്കിൽ അതിലേറെ ദൂരം സഞ്ചരിച്ച് ഉൾക്കടലിലേക്ക് പോകാനാകും.
അവിടെ ദിവസങ്ങളോളം തങ്ങി ചെറുതും വലുതുമായ മീനുകളെ പിടിക്കാം. വലിയ മീനുകളെ ലക്ഷ്യംവച്ച് വഞ്ചിയിൽ പോകുമ്പോൾ നെത്തോലിപോലുള്ള ചെറിയ മീനുകൾ വലയിൽ കുടുങ്ങാറുണ്ട്. അവയെ കടലിൽത്തന്നെ കളയാറാണ് പതിവ്. വൈകിട്ടോടെ വിഴിഞ്ഞത്തുനിന്ന് വഞ്ചിയിറക്കി അടുത്ത ദിവസം രാവിലെയാണ് കരയിലെത്തുക. മണിക്കൂറുകൾ നീളുന്ന യാത്രയ്ക്കിടയിൽ വലയോടുകൂടി ഇരിക്കുന്ന നെത്തോലിയെ കരയിലെത്തിച്ച് ഉതിർത്തെടുക്കുമ്പോഴേക്കും ചീഞ്ഞുപോകാറുണ്ട്.
അതുകൊണ്ട് വലിയ മീനുകളെ മാത്രമാണ് സൂക്ഷിക്കുക.
മീനുകളുടെയും മറ്റു കടൽജീവികളുടെയും ആവാസകേന്ദ്രങ്ങളെ പാരുകൾ എന്നാണ് വിളിക്കുന്നത്. പുല്ലുവിള തീരത്തോട് ഏറ്റവും അടുത്തുകാണുന്ന പാര് രൂപപ്പെട്ടത് തകർന്നടിഞ്ഞ ഒരു ബോട്ടിനെ കേന്ദ്രീകരിച്ചാണ്. ഇതിനെ മുളപ്പാര് എന്നാണ് വിളിച്ചത്. കടലിൽ തകരുന്ന ബോട്ടുകളെയും കപ്പലുകളെയും ആശ്രയിച്ചും അല്ലാതെയും പാരുകൾ രൂപപ്പെടാറുണ്ട്.
കൊളുപ്പാര്, ചെവ്വാപ്പാര്, വാളപ്പാര്, പെരുമാക്കല്ല് എന്നിങ്ങനെ നിരവധി പാരുകൾ കടലിനടിത്തട്ടിലുണ്ട്. പാരിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവിടെനിന്ന് ലഭിക്കുന്ന മീനുകളുടെ വൈവിധ്യവും കണക്കിലെടുത്താണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. മുൻ തലമുറയിലെ മത്സ്യത്തൊഴിലാളികൾ അന്വേഷിച്ച് കണ്ടുപിടിച്ചവയാണ് അതൊക്കെയും. ഇന്നത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പാരുകളെ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.
കാലാവസ്ഥാ വ്യതിയാനം കാരണം പാരുകളിൽ പലതും ഇന്ന് നശിച്ചു. വള്ളങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്രയമായിരുന്നു തീരക്കടലിനോട് ചേർന്നുള്ള ഇത്തരം പാരുകൾ. അവ തീരത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കിയിരുന്നു. ഓരോ തീരത്തും പാരുകളുടെ സവിശേഷതകൾക്ക് അനുസൃതമായി മീൻപിടിത്തരീതികളിലും മാറ്റങ്ങളുണ്ട്.
ഒരു ഭാഗം ഇരുട്ടിലായി
വള്ളം വാങ്ങി ജീവിതം പച്ചപിടിച്ചുവരുമ്പോഴാണ് 2007-ൽ ജീവിതത്തെ ഇരുട്ടിലാക്കിയ ദുരന്തമുണ്ടാകുന്നത്. കടലിലേക്ക് വള്ളമിറക്കാൻ ശ്രമിക്കുമ്പോഴുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം കമഴ്ന്നുപോയി. വള്ളമിറക്കുമ്പോൾ കണക്കുകൂട്ടലുകൾ മുമ്പും പിഴച്ചിട്ടുണ്ട്.
ഇതൊരൽപ്പം അതിരുകടന്നു. ഞാൻ വള്ളത്തിൽനിന്ന് തലകീഴായി താഴേക്ക് വീണു. മുഖം വള്ളത്തിന്റെ ഒരുഭാഗത്തിടിച്ച് കണ്ണിന്റെ ഞരമ്പിന് ഗുരുതരമായി പരിക്കേറ്റു. അന്നുമുതൽ ഒരു കണ്ണിന്റെ കാഴ്ച പതിയെ നഷ്ടപ്പെട്ടു. ആശുപത്രിയിൽ പോയപ്പോൾ തലയോട്ടി ഇളക്കി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും വൈകിപ്പോയതിനാൽ ഫലമുണ്ടായില്ല. ആ അപകടത്തോടെ കടലിൽ പോകുന്നത് നിർത്തേണ്ടിവന്നു. പിന്നീട് മക്കളാണ് വള്ളവുമായി കടലിൽ പോയിരുന്നത്. ഓഖി ദുരന്തത്തിന്റെ സമയത്തുപോലും മക്കൾ ആ വള്ളത്തിൽ മീൻപിടിച്ചു. രണ്ട് വർഷംമുമ്പ് സ്വന്തമായിരുന്ന ആ വള്ളവും വിറ്റൊഴിഞ്ഞു.
ആധികൾ ഒഴിയുന്നില്ല
മത്സ്യത്തൊഴിലാളിയുടെ ജീവിതംപോലെ അസ്ഥിരമാണ് തീരത്തെ സാമൂഹിക സാഹചര്യങ്ങളും. കാലാവസ്ഥ കഠിനമാകുന്ന ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ പുല്ലുവിള തീരത്തുനിന്ന് വള്ളങ്ങൾ ഇറക്കാൻ കഴിയില്ല. കടൽക്ഷോഭവും ശക്തമായ കാറ്റും കാരണം മറ്റ് തീരങ്ങളെയാണ് ആശ്രയിക്കുന്നത്.
പുല്ലുവിളയിൽനിന്ന് ഈ സമയത്ത് കമ്പവല (കരയിൽനിന്ന് വല പിടിച്ചുകയറ്റുന്ന രീതി) വലിച്ചാണ് മീൻ പിടിക്കുന്നത്. രാജ്യത്തെമ്പാടും തീരദേശവാസികൾ നേരിടുന്ന വെല്ലുവിളികളും ചെറുതല്ല. കടലാക്രമണംകാരണം ഓരോ വർഷവും നൂറുകണക്കിന് വീടുകളാണ് തകരുന്നത്.
ഉള്ളതൊക്കെ കൈയിലെടുത്ത് ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്ന മനുഷ്യരുടെ എണ്ണവും കൂടുന്നു. കടലിൽ മീൻ കുറയുന്നതും മണ്ണെണ്ണ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവർധനയും ഇവരെ കടക്കെണിയിലാക്കുന്നുണ്ട്. സർക്കാരുകളുടെ അപകട ഇൻഷുറൻസ് പദ്ധതികളുടെ പോരായ്മകളും തീരദേശത്തെ ആരോഗ്യ-–വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവും ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്നു.









0 comments