അഖിലേന്ത്യാ സീനിയർ വോളി
അന്വേഷണം നടക്കട്ടെ; ക്രമക്കേടിൽ പങ്കില്ല-എം മെഹബൂബ്

കോഴിക്കോട്
കോഴിക്കോട്ട് 2018 ഫെബ്രുവരിയിൽ സംഘടിപ്പിച്ച അഖിലേന്ത്യാ സീനിയർ വോളി ചാന്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും തനിക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. ക്രമക്കേട് നടന്നുവെന്ന അന്യായക്കാരന്റെ വാദം അന്വേഷിക്കണമെന്നും ക്രമക്കേട് നടന്നെങ്കിൽ നടത്തിയവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സീനിയർ വോളിക്ക് കോഴിക്കോട് ആതിഥ്യമരുളിയപ്പോൾ ടൂർണമെന്റ് വലിയ വിജയമാക്കാൻ കഴിഞ്ഞു. എന്നാൽ ചെയർമാൻ എന്ന നിലയിൽ സാന്പത്തിക ഇടപാടിൽ പങ്കാളിയായിട്ടില്ല. പണവുമായി ബന്ധപ്പെട്ട രേഖകളിലൊന്നിലും ഒപ്പിട്ടിട്ടുമില്ല. ടൂർണമെന്റ് കഴിഞ്ഞയുടൻ ഓഡിറ്റ് ചെയ്‌ത കണക്ക് അവതരിപ്പിച്ചാണ് സ്വാഗതസംഘം പിരിച്ചുവിട്ടത്. അന്ന് ആക്ഷേപം ഉയർന്നിട്ടില്ല. എന്നാൽ വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ നാലകത്ത് ബഷീറിനെതിരെ യോഗത്തിൽ പങ്കെടുത്തവർ ആരോപണങ്ങൾ ഉയർത്തിയിരുന്നു. അക്കാര്യങ്ങൾ ഉന്നയിക്കേണ്ടതും പരിശോധിക്കേണ്ടതും അസോസിയേഷൻ യോഗത്തിലാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാമെന്നുമാണ് പറഞ്ഞത്. കണക്കിന്റെ കാര്യത്തിൽ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 2023ലോ മറ്റോ അന്വേഷിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. നിങ്ങൾ കേസിന്റെ ഭാഗമാകാൻ പോകുന്നില്ലെന്നും ദൃക്‌സാക്ഷിയാവേണ്ടിവരുമെന്നും പറഞ്ഞപ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും അന്ന് വ്യക്തമാക്കിയതാണ്.
കേസിലെ ഒന്നാം പ്രതിയായ നാലകത്ത് ബഷീർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 34 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് 7.94 ലക്ഷം രൂപയും ഫണ്ട് വാങ്ങിയെന്നും പലമേഖലകളിൽനിന്ന് 1.24 കോടി രൂപ ശേഖരിച്ചെന്നും മറ്റുള്ളവരുമായി ചേർന്ന് കണക്കുകൾ സൂക്ഷിക്കാതെ ക്രമക്കേട് നടത്തി വഞ്ചനാപരമായി പണം ദുരുപയോഗം ചെയ്‌തുവെന്നാണ് വിജിലൻസ് കേസ്.










0 comments