അഞ്ച് വർഷമായി പൂട്ടിയ ഫുട്ബോൾ ക്ലബ് കളത്തിലേക്ക്
പെലെയുടെ കോസ്‌മോസ് വീണ്ടും


Sports Desk
Published on Jul 12, 2025, 04:45 AM | 1 min read
ന്യൂയോർക്ക്
ന്യൂയോർക്ക് കോസ്‌മോസിനെ ഓർമയില്ലേ? സാക്ഷാൽ പെലെ കളിച്ച അമേരിക്കൻ ഫുട്‌ബോൾ ക്ലബ്. അഞ്ച് വർഷമായി പ്രവർത്തനം നിലച്ച ഐതിഹാസിക ക്ലബ് വീണ്ടും കളത്തിലെത്തുന്നു. പുതിയ ഉടമസ്ഥർക്കുകീഴിൽ അടുത്ത സീസൺമുതൽ ടീം സജീവമാകും. ‘കോസ്‌മോസ്’ എന്നാണ് പേര്.
അടുത്ത വർഷം നടക്കുന്ന അമേരിക്കൻ സൂപ്പർ ലീഗ് ഒന്നിൽ കളിക്കും. മൂന്നാം ഡിവിഷൻ ലീഗാണിത്. സ്ഥാനക്കയറ്റത്തിലൂടെ മേജർ ലീഗ് സോക്കർ വൈകാതെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇറ്റാലിയൻ–-അമേരിക്കൻ ഫുട്‌ബോൾ താരമായിരുന്ന ഗുയിസെപ്പെ റോസിയാണ് പുതിയ ഉടമകളിൽ ഒരാൾ. ടീമിന്റെ ചുമതലയും ഈ മുൻ ഇറ്റാലിയൻ മുന്നേറ്റക്കാരനാണ്.
അമേരിക്ക ലോക ഫുട്‌ബോളിൽ ഒരുകാലത്ത് അറിയപ്പെട്ടത് ന്യൂയോർക്ക് കോസ്‌മോസിലൂടെയായിരുന്നു. ബ്രസീൽ ഇതിഹാസം പെലെ 1975മുതൽ 1977വരെയാണ് ക്ലബ്ബിനായി കളിച്ചത്. ഇക്കാലത്ത് പെലെയും ടീമും ഇന്ത്യയിലെത്തി മോഹൻ ബഗാനുമായി സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്. 1977ൽ കൊൽക്കത്തയിലായിരുന്നു പോരാട്ടം. കളി 2–-2ന് സമനിലയായി. പെലെമാത്രമല്ല പ്രശസ്‌തരായ പലരും അക്കാലത്ത് കോസ്‌മോസിൽ കളിച്ചു. ഫ്രാൻസ് ബെക്കൻബോവർ, കാർലോസ് ആൽബർട്ടോ തുടങ്ങിയവർ കുപ്പായമിട്ടു.
പുതിയ കോസ്‌മോസിന്റെ ആസ്ഥാനം ന്യൂജേഴ്‌സിയിലെ ഹിഞ്ച്‌ലൈഫ് സ്‌റ്റേഡിയമാണ്. 7500 പേർക്കുമാത്രമാണ് ഇരിപ്പിടമുള്ളത്. 2027ൽ വനിതാ ടീമും രുപീകരിക്കും. വലിയ പദ്ധതികളാണ് മുന്നിലുള്ളതെന്നും ഓരോ കാലഘട്ടങ്ങളിൽ അത് അവതരിപ്പിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.









0 comments