print edition ഓറഞ്ച് വസന്തമോ സാമുറായ്‌പ്പടയോ

മൂന്നുതവണ കൈവിട്ടു, ഇത്തവണയെങ്കിലും ഓറഞ്ച് വസന്തം വിരിയാക്കാമെന്ന മോഹവുമായാണ് നെതർലൻഡ്‌സ് ലോകകപ്പ് ഫുട്‌ബോളിനെത്തുന്നത്. എന്നാലത് എളുപ്പമാകില്ല. ഗ്രൂപ്പ് കടമ്പ തന്നെ വെല്ലുവിളിയാകും. ഏഷ്യൻ വമ്പുമായെത്തുന്ന ജപ്പാനും സ്വീഡനും ടുണീഷ്യയും ഉൾപ്പെടുന്ന ‘എഫ്’ ഗ്രൂപ്പിൽ ഡച്ച് പടയ്‌ക്ക് പരീക്ഷണങ്ങൾ അതിജീവിക്കേണ്ടിവരും.
നെതർലൻഡ്‌സ്
ഫിഫ റാങ്ക് 7
12–ാം ലോകകപ്പ്
ലോകകപ്പിൽ സുന്ദര ഫുട്‌ബോളുമായി ആരാധകരെ സൃഷ്ടിച്ച ടീമാണ് നെതർലൻഡ്‌സ്. സാക്ഷാൽ യോഹാൻ ക്രൈഫിന്റെ പിൻമുറക്കാർ. 1974, 1978, 2010 പതിപ്പുകളിൽ ഫൈനലിൽ വീണതിന്റെ നിരാശ മാറിയിട്ടില്ല. പടിക്കൽ കലമുടക്കുന്ന ടീമെന്ന ചീത്തപേര് മാറ്റാനുറച്ചാണ് വരവ്. അതിന് പ്രാപ്‌തിയുള്ള ടീമുണ്ട്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന സൂപ്പർതാരങ്ങൾ നിറഞ്ഞ സംഘത്തെയാണ് റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കുന്നത്. വിർജിൽ വാൻ ഡിക്, കോഡി ഗാക്‌പോ, ഡെൻസെൽ ഡംഫ്രിസ്, നതാൻ അകെ, ഫ്രെങ്കി ഡി യോങ്, റ്യാൻ ഗ്രാവെൻബെർക് തുടങ്ങിയ കരുത്തുറ്റ താരനിരയുണ്ട്. പരിക്കേറ്റ സാവി സിമോൺസ് ലോകകപ്പിനുണ്ടാകില്ല. കഴിഞ്ഞ തവണ ആവേശകരമായ ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് പുറത്താവുകയായിരുന്നു. മത്സരങ്ങൾ: ജൂൺ 14–ജപ്പാൻ, 20–സ്വീഡൻ, 26–ടുണീഷ്യ.
ജപ്പാൻ
ഫിഫ റാങ്ക് 18
8–ാം ലോകകപ്പ്
തുടർച്ചയായ എട്ടാം ലോകകപ്പിനാണ് ‘സാമുറായ്‌പ്പട’യുടെ വരവ്. കഴിഞ്ഞ തവണ ജർമനിയെയും സ്‌പെയ്‌നിനെയും വീഴ്‌ത്തി പ്രീക്വാർട്ടർ വരെ കുതിച്ച ഏഷ്യൻ ശക്തികൾ അതിന് മുകളിൽ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ്. അവസാന നാല് വർഷം ഇറങ്ങിയ 29 കളിയിൽ 23ലും ജയിച്ചു. മൂന്ന് മത്സരം മാത്രമാണ് തോറ്റത്. മൂന്ന് സമനിലയും. 2018 മുതലുള്ള പരിശീലകൻ ഹജിമെ മൊറിയാസുവിന്റെ തന്ത്രങ്ങളിലാണ് കുതിപ്പ്. വേഗതയാണ് കരുത്ത്. കവോരു മിറ്റോമ, തകേഫുസ കുബോ, വതാരു എൻഡോ, ദയ്‌ച്ചി കമാദ തുടങ്ങിയവരാണ് തുറുപ്പുചീട്ടുകൾ.
മത്സരങ്ങൾ: ജൂൺ 14–നെതർലൻഡ്‌സ്, 21–ടുണീഷ്യ, 26–സ്വീഡൻ.
സ്വീഡൻ
ഫിഫ റാങ്ക് 38
13–ാം ലോകകപ്പ്
ഒരു പതിപ്പിന്റെ ഇടവേള കഴിഞ്ഞാണ് സ്വീഡൻ ലോകകപ്പിനെത്തുന്നത്. 2022ൽ യോഗ്യത നേടാനായില്ല. ഇത്തവണ യോഗ്യതാ റൗണ്ടിൽ കാര്യമായ പ്രകടനമായിരുന്നില്ല. എന്നാൽ പ്ലേ ഓഫിലൂടെ ടിക്കറ്റുറപ്പിച്ചു. ഗ്രാഹം പൊട്ടെർ പരിശീലകനായി എത്തിയതോടെയാണ് സ്വീഡന്റെ തലവര തെളിഞ്ഞത്. 1958ൽ റണ്ണറപ്പായതാണ് മികച്ച നേട്ടം. അന്ന് പെലെയുടെ ബ്രസീലിനോട് തോൽക്കുകയായിരുന്നു. അഴ്‌സണലിന്റെ ഗോൾവേട്ടക്കാരൻ വിക്ടർ യോകെറെസ്, അലെക്‌സാണ്ടർ ഇസാക്, വിക്ടർ ലിൻഡെലോഫ്, ആന്തണി എലാൻഗ എന്നിവരാണ് മികച്ച കളിക്കാർ.
മത്സരങ്ങൾ: ജൂൺ 15–ടുണീഷ്യ, 20–നെതർലൻഡ്‌സ്, 26–ജപ്പാൻ.
ടുണീഷ്യ
ഫിഫ റാങ്ക് 44
7–ാം ലോകകപ്പ്
ആറുവട്ടം ലോകവേദിയിൽ കരുത്ത് കാട്ടാനെത്തിയെങ്കിലും ഗ്രൂപ്പ് റൗണ്ട് കടക്കാനായിട്ടില്ല ടുണീഷ്യക്ക്. ഇത്തവണ ഇത് തിരുത്താനുറച്ചാണ് എത്തുന്നത്. തുടർച്ചയായ മൂന്നാം ലോകകപ്പിനാണ് അറബ് പട ബൂട്ടിടുന്നത്. സാബ്രി ലമോച്ചിയാണ് കോച്ച്. മധ്യനിരക്കാരൻ എലീസ് സ്‌കിരി, ഇസ്‌മായേൽ ഗാർബി, അലി അബ്‌ദി എന്നിവരിലാണ് പ്രതീക്ഷകൾ. മത്സരങ്ങൾ: ജൂൺ 15–സ്വീഡൻ, 21–ജപ്പാൻ, 26–നെതർലൻഡ്‌സ്.










0 comments