നേഷൻസ് ലീഗ് ഫുട്‌ബോൾ
print edition കരുത്തർ കളത്തിൽ

ഇംഗ്ലീഷ് സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും (ഇടത്ത്) ജോബ് ബെല്ലിങ്ഹാമും പരിശീലനത്തിൽ
ലണ്ടൻ : നേഷൻസ് ലീഗ് ഫുട്‌ബോളിൽ വീണ്ടും പന്തുരുളുന്നു. കരുത്തരെല്ലാം ഇന്ന് കളത്തിലെത്തുന്നുണ്ട്. മിലാനിൽ നടക്കുന്ന ഫ്രാൻസ്–ഇറ്റലി പോരാട്ടമാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് ക്രൊയേഷ്യയെയും ലോകചാമ്പ്യൻമാരായ സ്‌പെയ്‌ൻ ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. മത്സരങ്ങളെല്ലാം രാത്രി 1.15നാണ്.
അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ഗ്രൂപ്പ് എയിൽ പത്ത് പോയിന്റുമായി ഫ്രാൻസ് ഒന്നാമതാണ്. നാലിൽ മൂന്നിലും ജയിച്ചു. ഒരു സമനിലയാണ്. ലോകകപ്പിനുശേഷം സ്ഥാനമേറ്റേടുത്ത പുതിയ കോച്ച് സിനദിൻ സിദാന് കീഴിൽ സ്ഥിരതയോടെ കളിക്കുന്നുണ്ട്. ഉസ്‌മാൻ ഡെംബെലെയും മാർകസ് തുറാമും ഒറെലിയെൻ ചൗമെനിയും പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും കിലിയൻ എംബാപ്പെ ഉൾപ്പെടുന്ന സൂപ്പർതാരനിരയുടെ കരുത്തിൽ ഇറ്റലിയെ മറികടക്കാമെന്നാണ് പ്രതീക്ഷകൾ. അസൂറികളാകട്ടെ കഴിഞ്ഞ മാസം ഫ്രാൻസിനെ അവരുടെ നാട്ടിൽ 1–1ന് തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. കോച്ച് റോബർട്ടോ മാൻസിനിയുടെ കീഴിൽ തിരിച്ചുവരവിന്റെ പാതയിലാണ്. ഏഴ് പോയിന്റുമായി രണ്ടാമതാണ് ഇറ്റലിക്കാർ.
വെംബ്ലിയിലാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ വരവേൽക്കുന്നത്. സി ഗ്രൂപ്പിൽ നാലും ജയിച്ച സ്‌പെയ്‌നിന് പിറകിൽ രണ്ടാംസ്ഥാനത്താണ് ഇംഗ്ലണ്ട്. മൂന്നിൽ ജയിച്ചു. ഒരു തോൽവിയുമുണ്ട്. സഹോദരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാമും ജോബ് ബെല്ലിങ്‌ഹാമും ആതിഥേയർക്കായി ഇന്നിറങ്ങും. ജോബിന്റെ സീനിയർ കുപ്പായത്തിലെ അരങ്ങേറ്റമാണ്. സ്‌പെയ്‌ൻ എതിർതട്ടകത്തിലാണ് ചെക്കിനെ നേരിടുന്നത്. പരിക്കേറ്റ് ലമീൻ യമാൽ പുറത്തായത് ക്ഷീണമുണ്ടാക്കും. മറ്റൊരു മത്സരത്തിൽ ബൽജിയം തുർക്കിയെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ജർമനി തുടങ്ങിയ ടീമുകൾ വരും ദിവസങ്ങളിൽ കളത്തിലെത്തും.









0 comments