Deshabhimani

അണ്ടർ-19 ഏഷ്യാ കപ്പ്: സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; ഫൈനലിൽ എതിരാളികൾ പാകിസ്ഥാൻ

ind vs afg
വെബ് ഡെസ്ക്

Published on Nov 12, 2026, 06:02 PM | 1 min read

അൽ അമേറത്ത്: അണ്ടർ-19 ഏഷ്യാ കപ്പ് രണ്ടാം സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ കടന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം 36.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 79 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ കൗമാരപ്പടയുടെ ആധികാരിക വിജയം. ഇതോടെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ശനിയാഴ്ച്ച ഇന്ത്യൻ സമയം രാവിലെ 10.30 നാണ് മത്സരം


ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. നോമൻ സലാർസായിയും ഷാ ഫൈസൽ റഹീമിയും 51 റൺസ് വീതം നേടി. നായകൻ സൊഹൈൽ ഖാൻ പുറത്താകാതെ 36 റൺസും സ്വന്തമാക്കി. ഇന്ത്യക്കായി ഇഷാൻ സൂദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ സവ്സാനി രണ്ട് വിക്കറ്റും കവ്യ പരേഷ് പട്ടേൽ, യശ്ബർധൻ ചൗഹാൻ, അർജുൻ രജ്പുത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെഹ്‌വാഗും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 117 റൺസ് കൂട്ടിച്ചേർത്തു. 90 പന്തിൽ 93 റൺസ് നേടിയ ലക്ഷ്യയാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.


57 പന്തിൽ നാല് ഫോറും നാല് സിക്‌സും ഉൾപ്പെടെ 51 റൺസെടുത്ത ആര്യവീർ സെവാഗും മികച്ച പിന്തുണ നൽകി. തുടർന്ന് വി കെ വിനീത് പുറത്താകാതെ 57 റൺസും യശ്ബർധൻ ചൗഹാൻ 16 റൺസും നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ലക്ഷ്യ റായ്ചന്ദാനിയാണ് കളിയിലെ താരം. എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ഇടംപിടിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home