'രാമായണ' റിലീസിന് പിന്നാലെ 'പൈറി'ന്റെ ഷോകൾ വെട്ടിക്കുറച്ചു; അന്വേഷണം വേണമെന്ന് എഐസിഡബ്ല്യുഎ

പൈര്‍ (ഇടത്), രാമായണ(വലത്)
മുംബൈ : ബിഗ് ബജറ്റ് ചിത്രം രാമായണയുടെ റിലീസിന് പിന്നാലെ വിനോദ് കാപ്രി സംവിധാനം ചെയ്ത പൈറിന്റെ തിയറ്റർ പ്രദർശനങ്ങൾ 75 ശതമാനം വെട്ടിക്കുറച്ചു. സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ബിഗ് ബജറ്റ് സിനിമകൾക്ക് കൂടുതൽ തിയറ്റർ നൽകുന്നതിനായി ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഷോകൾ വെട്ടിക്കുറച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് എഐസിഡബ്ല്യുഎ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
ദേശീയ അവാർഡ് ജേതാവായ വിനോദ് കാപ്രി സംവിധാനം ചെയ്ത 'പൈർ' ഒക്ടോബർ 30 നാണ് തിയറ്ററുകളിൽ എത്തിയത്. വെറും 2.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ 80 സ്ക്രീനുകളിൽ നിന്ന് 400 സ്ക്രീനുകളിലേക്ക് വ്യാപിച്ചിരുന്നു. എന്നാൽ, നവംബർ 5 ന് നിതേഷ് തിവാരിയുടെ രാമായണ റിലീസ് ചെയ്തതോടെ പൈറിന്റെ ഷോകൾ വെട്ടിക്കുറച്ചു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടും സിനിമയുടെ പ്രദർശനങ്ങൾ വെട്ടിക്കുറച്ചതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിത്രത്തിന്റെ സംവിധായകനും ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾ ബിഗ് ബജറ്റ് സിനിമകൾക്ക് എതിരല്ലെന്നും എന്നാൽ വലിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് സഹായിക്കുമ്പോൾ ചെറിയ ചിത്രങ്ങൾ സിനിമയുടെ ഭാവിയെ നിർണയിക്കുകയാണെന്ന് എഐസിഡബ്ല്യുഎ കത്തിൽ പറഞ്ഞു.








0 comments