മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അമിതാഭ് ബച്ചന്റെ വസതിയും ഭീഷണി സന്ദേശത്തിൽ

മുംബൈ: മുംബൈയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇ-മെയിൽ ലഭിച്ചതോടെ സുരക്ഷ ശക്തമാക്കി. മുംബൈ മേയറുടെ ഓഫീസ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതി, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഭീഷണി സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്നത്.
വിവരമറിഞ്ഞ് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. നവംബർ ആറിനും അമിതാഭ് ബച്ചന്റെ ജൂഹുവിലെ വസതിയായ ജൽസയിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയിൽ ലഭിച്ചിരുന്നു.
ഒക്ടോബർ 23ന് ലഭിച്ച മറ്റൊരു സന്ദേശത്തിൽ മേയറുടെ ഓഫീസ്, ബച്ചന്റെ വസതി, ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത പരിപാടി നടക്കുന്ന വേദി എന്നിവയും ലക്ഷ്യങ്ങളായി പരാമർശിച്ചിരുന്നു.
ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയ്ക്കും സമാനമായ ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ നടത്തിയ പരിശോധനകളിലൊന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ല.
അതിനിടെ, അടുത്തിടെ ആരാധകരെ കാണാനെത്തിയ അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിന് പിന്നിൽ നിന്നാണ് അഭിവാദ്യം ചെയ്തത്. മകൻ അഭിഷേക് ബച്ചനും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.








0 comments