Deshabhimani

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: സർക്കാർ അനാസ്ഥയ്ക്കെതിരെ എസ്എഫ്ഐ

Delhi AQI
വെബ് ഡെസ്ക്

Published on Nov 12, 2026, 05:53 PM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുനിലവാരം അതീവ ഗുരുതരമായി തുടർന്നിട്ടും സർക്കാർ വിഷയത്തിൽ അനാസ്ഥ തുടരുകയാണെന്ന് എസ്എഫ്ഐ ഡൽഹി സർവകലാശാല കമ്മിറ്റി. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഡൽഹി സർവകലാശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദീപാവലി രാത്രിയിൽ വായുഗുണനിലവാര സൂചിക റെക്കോർഡ് ഭേദിച്ച് 3000 കടന്നതോടെ ഡൽഹി ജനത കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയാണ് നേരിടുന്നത്.


മലിനീകരണം ഏറ്റവും രൂക്ഷമായ സമയങ്ങളിലെ ഔദ്യോഗിക കണക്കുകൾ അപ്രത്യക്ഷമായെന്ന വാർത്തകൾ അതീവ ഗൗരവകരമാണ്. ഇത് സർക്കാരിന്റെ സുതാര്യതയില്ലായ്മയെയും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെയുമാണ് തുറന്നുകാട്ടുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.


എല്ലാ ശൈത്യകാലത്തും ഡൽഹി ഒരു ഗ്യാസ് ചേംബറായി മാറുകയാണ്. എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പകരം, മുടന്തൻ ന്യായങ്ങളും താൽക്കാലിക നിയന്ത്രണങ്ങളും മുന്നോട്ടുവെച്ച് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും സ്വീകരിക്കുന്നത്.


വായുമലിനീകരണം കേവലം കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രശ്നമല്ല. മറിച്ച്, നിയന്ത്രണമില്ലാത്ത നഗരവൽക്കരണം, അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾ, വാഹന-വ്യവസായ മലിനീകരണം, പൊതുഗതാഗത സംവിധാനങ്ങളെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും ആസൂത്രിതമായി അവഗണിക്കുന്നത് എന്നിവയുടെ ഫലമാണ് ഈ ദുരവസ്ഥ.


സമ്പന്നർക്ക് എയർ പ്യൂരിഫയറുകൾ വാങ്ങി മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമ്പോൾ, വിദ്യാർഥികളും കുട്ടികളും തൊഴിലാളികളും തെരുവുകച്ചവടക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യർ വിഷവായു ശ്വസിച്ച് ജീവിക്കാൻ നിർബന്ധിതരാകുകയാണ്. ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ഒരാളുടെ സാമ്പത്തിക ശേഷിയെ ആശ്രയിച്ചുള്ള ആനുകൂല്യമായി ചുരുങ്ങാൻ പാടില്ലെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി.


മലിനീകരണ നിയന്ത്രണത്തിന് അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കുക, വായുനിലവാര പരിശോധനാ വിവരങ്ങൾ സുതാര്യമാക്കുക, പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, സമഗ്രമായ പൊതുജനാരോഗ്യ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പൊള്ളയായ വാഗ്ദാനങ്ങൾ അവസാനിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളോട് മറുപടി പറയണമെന്നും ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home