Deshabhimani

പട്ടികജാതി–പട്ടിക വർഗ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിലും ചെങ്കൽ ഖനനം; പരിസ്ഥിതി ഭീഷണി രൂക്ഷം

sc sct.
വെബ് ഡെസ്ക്

Published on Nov 12, 2026, 06:21 PM | 1 min read

കാസര്‍കോട്( കുണ്ടംകുഴി): കുന്നുകൾ ഇടിച്ചുനിരത്തിയും ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റിയും ബേഡഡുക്ക പഞ്ചായത്തിൽ വ്യാപകമാകുന്ന ചെങ്കൽ ഖനനം ഗുരുതര പരിസ്ഥിതി പ്രശ്നമായി മാറുന്നു. ബെദിര, നെല്ലിയടുക്കം, ചെക്കിയാർപാറ, പുത്തിയടുക്കം ഗാന്ധിനഗർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പത്തിലധികം ചെങ്കൽ ക്വാറികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകിയ ലാൻഡ് അസൈൻമെന്റ് ചട്ടങ്ങൾ പ്രകാരമുള്ള ഭൂമിയിലാണെന്ന വിജിലൻസ് കണ്ടെത്തൽ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

​

കുന്നുകൾ വ്യാപകമായി വെട്ടിനിരത്തുന്നത് ഭൂഗർഭ ജലസംഭരണത്തെയും നീരൊഴുക്കിന്റെ സ്വാഭാവിക സംവിധാനത്തെയും ബാധിക്കുമെന്ന് പ്രദേശവാസികളായ ജനങ്ങൾ ആശങ്കപ്പെടുന്നു.കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നതിനും മഴക്കാലത്ത് മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഖനന യന്ത്രങ്ങളുടെ പ്രവർത്തനവും വാഹനങ്ങളുടെ നിരന്തര സഞ്ചാരവും സമീപവാസികളുടെ സ്വൈരജീവിതത്തിനും ഭീഷണിയാകുന്നു.ചെങ്കൽ ക്വാറ നിലനിൽക്കുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളിൽ പലതും ഇതിനോടകം തന്നെ തകർന്നിരിക്കുന്ന സ്ഥിതിയാണ്.കുന്നുകളുടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെയും നാശം ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും ഇടയുണ്ട്.

​

കഴിഞ്ഞദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പത്തേക്കറോളം സ്ഥലത്ത് അനധികൃത ഖനനം കണ്ടെത്തിയിരുന്നു. ബെദിര കുന്നിലെ ഖനനം കുടിവെള്ള സ്രോതസ്സുകൾക്കും ജനജീവിതത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുൻ വില്ലേജ് ഓഫീസർ എ അരുണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഖനനം തടയാൻ നടപടി ഉണ്ടായിട്ടില്ല.

​

ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും അനധികൃത ഖനനത്തിന് ആരാണ് അനുമതിയും ഒത്താശയും നൽകുന്നതെന്നും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഖനനം നിയന്ത്രിക്കാനും ജലസ്രോതസ്സുകളും പരിസ്ഥിതിയും സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിത ഇടപെടൽ അനിവാര്യമാണ്.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home