ഇന്ത്യയിൽ നടന്ന വിവാഹം വിദേശ കോടതിയുടെ വിവാഹമോചന ഉത്തരവിലൂടെ അസാധുവാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന വിവാഹം വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയതുകൊണ്ടുമാത്രം അസാധുവാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ നിയമപ്രകാരം അംഗീകരിക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശത്ത് നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്താൽ ദ്വിഭാര്യത്വത്തിന് ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹമോചനത്തിന് ഇന്ത്യൻ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്നാണ് കോടതിയുടെ നിലപാട്. സിവിൽ നടപടി ചട്ടത്തിലെ സെക്ഷൻ 13 പ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്ത വിദേശ കോടതി വിധികൾക്ക് ഇന്ത്യയിൽ നിയമസാധുത ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നുവെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി വിദേശ കോടതി അനുവദിക്കുന്ന വിവാഹമോചനം 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം നടന്ന വിവാഹങ്ങൾക്ക് ഇന്ത്യയിൽ അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ഇംഗ്ലണ്ടിൽ നിന്ന് വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിച്ച വ്യക്തിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിദേശ പൗരത്വം സ്വീകരിച്ചതോ വിദേശത്ത് വിവാഹമോചനം നേടിയതോ ഇന്ത്യൻ നിയമപ്രകാരമുള്ള ബാധ്യതകളിൽ നിന്ന് ഒഴിവാകാൻ കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ സത്തേനപ്പള്ളിയിൽ 2003 ഏപ്രിൽ 18നാണ് ഇയാൾ ആദ്യ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും ഹൈദരാബാദിൽ താമസിച്ചു. 2005ൽ ഡോക്ടറായി ജോലി ചെയ്യുന്നതിനായി ഇയാൾ യുകെയിലേക്ക് പോയി. 2007ൽ പ്രസവത്തിനായി ഭാര്യ നാട്ടിലേക്ക് മടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.
തുടർന്ന് ഭർത്താവ് ആന്ധ്രാപ്രദേശിലെ കോടതിയിൽ വിവാഹമോചനത്തിനും കുട്ടിയുടെ കസ്റ്റഡിക്കുമായി ഹർജി നൽകിയെങ്കിലും തള്ളി. പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടിയ ഇയാൾ 2014ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് കൗണ്ടി കോടതിയിൽ നിന്ന് വിവാഹമോചനം നേടി. തുടർന്ന് നോർഫോക്കിൽ മറ്റൊരു യുവതിയെ വിവാഹം ചെയ്തു.
ഇതിനെതിരെ ആദ്യഭാര്യ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 494 (ദ്വിഭാര്യത്വം), 120ബി (ക്രിമിനൽ ഗൂഢാലോചന), 34 (പൊതുവായ ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ഈ നടപടികൾ റദ്ദാക്കണമെന്ന ഭർത്താവിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
അതേസമയം, കേസിൽ ഉൾപ്പെട്ടിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾക്കും രണ്ടാം ഭാര്യക്കുമെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി. ഇന്ത്യയിൽ നടന്ന വിവാഹങ്ങളുടെ കാര്യത്തിൽ വിദേശ വിവാഹമോചന ഉത്തരവുകൾക്ക് സ്വമേധയാ അംഗീകാരം ലഭിക്കില്ലെന്നും, നിയമപരമായി അംഗീകരിക്കപ്പെട്ട കാരണങ്ങൾ, കോടതിയുടെ അധികാരപരിധി, സ്വാഭാവിക നീതിയുടെ തത്വങ്ങൾ എന്നിവ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു.








0 comments