ad
Deshabhimani

print edition മൊറോക്കോയുടെ സ്വപ്‌നം ആഫ്രിക്കയു‍ടേയും

MAROC FOOTBALL.JPG
വെബ് ഡെസ്ക്

Published on Jul 06, 2026, 01:02 AM | 2 min read

ടെക്‌സാസ്‌: മൊറോക്കോ സ്വപ്‌നം കാണുന്നു, ഒപ്പം ആഫ്രിക്കയും. ഇക്കുറി കിരീടംതന്നെയാണ്‌ ലക്ഷ്യം. ജയം ശീലമായിക്കഴിഞ്ഞ ടീമാണ്. അവസാന 34 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ഇതിൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫൈനലിൽ സെനെഗലിനോട്‌ തോറ്റെങ്കിലും ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പിൽ ആതിഥേയരായ കാനഡയെ തോൽപ്പിച്ചാണ്‌ ക്വാർട്ടർ പ്രവേശം. വന്പൻമാരായ ഫ്രാൻസാണ്‌ അവസാന എട്ടിലെ എതിരാളി. മൂന്ന്‌ ജയത്തിനപ്പുറം ലോകകപ്പാണ്‌ മനസ്സിൽ.


കാനഡയുമായുള്ള പ്രീ ക്വാർട്ടറിൽ അഞ്ച്‌ ഷോട്ടുകളാണ്‌ മൊറോക്കോ തൊടുത്തത്‌. ആദ്യപകുതിയിൽ ഒറ്റ ഷോട്ടില്ല. നാല്‌ മഞ്ഞക്കാർഡുകൾ വഴങ്ങി. പക്ഷേ, ജയിക്കാനുള്ള വഴികൾ അറിയാമായിരുന്നു. ആദ്യ 15 മിനിറ്റിനുശേഷം തോൽക്കില്ലെന്ന്‌ ഉറപ്പുവരുത്താനും അവർക്ക്‌ കഴിഞ്ഞു. ആതിഥേയരായ കാനഡയ്‌ക്ക്‌ തുടക്കത്തിൽ രണ്ട്‌ അവസരങ്ങൾ ലഭിച്ചു. ജൊനാതൻ ഡേവിഡിന്റെയും ടാനി ഒലുവാസെയിയുടെയും ഷോട്ടുകൾ ഗോൾകീപ്പർ യാസിനെ ബോനോ തടഞ്ഞു. ആദ്യ അരമണിക്കൂറിൽ എതിർ ബോക്‌സിൽ ഒരു ചലനംപോലുമുണ്ടാക്കാൻ മൊറോക്കോയ്‌ക്ക്‌ കഴിഞ്ഞില്ല.


ഇടവേളയ്‌ക്കുശേഷം പൂർണ നിയന്ത്രണമായിരുന്നു. അസദീൻ ഒ‍ൗനാഹിയുടെ ഇരട്ടഗോളിൽ അറ്റ്‌ലസ്‌ സിംഹങ്ങൾ കളഗതി പൂർണമായുംമാറ്റി. അഷ്‌റഫ്‌ ഹക്കീമിയുടെ വലതുവശം ചേർന്നുള്ള അതിവേഗ നീക്കങ്ങൾ കാനഡയുടെ പ്രത്യാക്രമണ പദ്ധതികളെ തകർത്തു. രണ്ട്‌ ഗോളിന്‌ അവസരമൊരുക്കി ബ്രാഹിം ഡയസും കളംനിറഞ്ഞു. ലോകകപ്പിൽ ആകെ നാല്‌ ഗോളിനാണ്‌ റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ അവസരമൊരുക്കിയത്‌. മറ്റൊരു ആഫ്രിക്കൻ താരത്തിനുമില്ലാത്ത നേട്ടം. രണ്ട്‌ ലോകകപ്പുകളിലായി നോക്ക‍ൗട്ടിൽ മൊറോക്കോയ്‌ക്ക്‌ നാല്‌ ജയവുമായി.


ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ കളിയിൽ ശക്തരായ ബ്രസീലിനെ 1–1ന്‌ കുരുക്കാനായി. സ്‌കോട്‌ലൻഡിനെ ഒറ്റ ഗോളിൽ കീഴടക്കി. ഹെയ്‌തിക്കെതിരെ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷം 4–2ന്റെ ജയമാണ്‌ കുറിച്ചത്‌. കിരീട പ്രതീക്ഷയിൽ മുന്നിലുണ്ടായിരുന്ന നെതർലൻഡ്‌സിനെയാണ്‌ റ‍ൗണ്ട്‌ ഓഫ്‌ 32ൽ പറഞ്ഞയച്ചത്‌. പ്രീ ക്വാർട്ടറിൽ കാനഡയെ മൂന്ന്‌ ഗോളിനും തുരത്തി.


മൊറോക്കൻ രാജാവ്‌ മുഹമ്മദ്‌ ആറാമന്റെ ദീർഘകാല പദ്ധതികളാണ്‌ രാജ്യത്തിന്റെ ഫുട്‌ബോൾ വളർച്ചയ്‌ക്കുള്ള പ്രധാന കാരണം. 2009 മുതൽ 2019വരെ രാജ്യത്തെ ഫുട്‌ബോൾ വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. 620 കോടി രൂപ ചെലവഴിച്ചുള്ള അക്കാദമിയാണ്‌ അതിൽ പ്രധാനം. 1998നുശേഷം 20 വർഷം ടീമിന്‌ ലോകകപ്പിന്‌ യോഗ്യത നേടാനായിരുന്നില്ല. നിലവിൽ തുടർച്ചയായ മൂന്നാം ലോകകപ്പ്‌ കളിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജനിച്ച കളിക്കാരുൾപ്പെടെയാണ്‌ ടീമിന്റെ ഭാഗമായുള്ളത്‌. ടീമിലെ പ്രധാന കളിക്കാരായ ഹക്കീമും ഡയസും സ്‌പെയ്‌നിൽ ജനിച്ചവരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home