ad
Deshabhimani

അക്ഷരങ്ങൾ അമ്മാനമാടിയ 
പി പി റാഫേൽ യാത്രയായി ​

P  P RAPHEL

കൂവപ്പടി പള്ളിക്കരക്കാരൻ പി പി റാഫേൽ വാക്കുകൾ തിരിച്ചും മറിച്ചും എഴുതുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jul 06, 2026, 01:29 AM | 1 min read

പെരുമ്പാവൂർ


അക്ഷരങ്ങളെ കലയാക്കിമാറ്റി വിസ്മയിപ്പിച്ച കൂവപ്പടി പള്ളിക്കരക്കാരൻ വീട്ടിൽ പി പി റാഫേലിന്റെ വേർപാട് നാടിന് നഷ്ടമായി. അക്ഷരങ്ങൾ തിരിച്ചും മറിച്ചും എഴുതി മലയാളികളെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു റാഫേൽ. എഴുത്തിലെ വേഗതയായിരുന്നു റാഫേലിനെ ശ്രദ്ധേയനാക്കിയത്.


മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ തിരിച്ചും മറിച്ചും എഴുതിയും തിരിച്ചുപിടിച്ച് വായിച്ചും പൊതുപരിപാടികളിൽ ശ്രദ്ധ നേടിയിരുന്നു. കവിതയും നാടകവും പ്രഛന്നവേഷങ്ങളും അവതരിപ്പിച്ച് കലാരംഗത്ത് ശ്രദ്ധേയമായി. 135 പ്രഛന്നവേഷങ്ങൾ കെട്ടിയിട്ടുണ്ട്. പ്രശസ്തരായ എഴുത്തുകാരെ സന്ദർശിച്ച് തിരിച്ചും മറിച്ചും എഴുതുന്ന കല പ്രദർശിപ്പിക്കുമായിരുന്നു. മറ്റൊരാൾ മുതുകിൽ വിരൽകൊണ്ടെഴുതുന്നത് സ്പർശനത്തിലൂടെ മാത്രം തിരിച്ചറിഞ്ഞ് ബ്ലാക്ക് ബോർഡിൽ മിറർ ഇമേജായി പകർത്താനുള്ള വിരുതും അദ്ദേഹത്തിനുണ്ടായിരുന്നു.


കളമശേരി എച്ച് എം ടിയിൽ നിന്നും വിരമിച്ചശേഷം കഴിവുകൾ പ്രദർശിപ്പിക്കാൻ സ്കൂളുകളിലും കോളേജുകളിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. കലാമണ്ഡലം പ്രഭാകരന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ച്‌ കാലികവിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടായിരുന്ന റാഫേൽ സർവീസിൽനിന്ന് വിരമിച്ചശേഷം ത്രീ ഡി എന്ന പേരിൽ വീടിനടുത്ത് ആയത്തുപടിയിൽ സ്റ്റുഡിയോ തുടങ്ങി. പിന്നീട് ത്രീ ഡി റാഫേൽ എന്നറിയപ്പെടാൻ തുടങ്ങി. ഞായറാഴ്ച പുലർച്ചെ വിടപറയുംവരെ കലാരംഗത്ത്‌ സജീവമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home