സുൽത്താന്റെ ഓർമകൾ പങ്കുവച്ച് ആകാശമിഠായിയിൽ ബഷീർ ഫെസ്റ്റ്

ബഷീർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ ആകാശമിഠായിയിൽ നടന്ന ബഷീർ ഓർമദിന പരിപാടികൾ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക് മണ്ണിനെയും മനുഷ്യനെയും ഭൂമിയിലെ സർവചരാചരങ്ങളെയും ഭൂമിയുടെ അവകാശികളാക്കി വിളംബരംചെയ്ത മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ പുതുക്കി ബഷീർ ഫെസ്റ്റ്. ബേപ്പൂർ ബിസി റോഡിൽ നിർമിച്ച ബഷീർ സ്‌മാരകമായ ആകാശമിഠായിയിലാണ് ബഷീറിന്റെ 32–-ാം ഓർമദിനത്തിൽ ഇത്തവണ ഒത്തുചേർന്നത്. ബഷീർ അനുസ്മരണ സമിതി നേതൃത്വത്തിൽ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച ബഷീർ ഫെസ്‌റ്റ് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. മലയാളഭാഷയുടെ എഴുത്തച്ഛന്മാരിൽ ഒരാളാണ് ബഷീർ എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഇന്നത്തെ എഴുത്തുകാർ രാഷ്ട്രീയത്തിന്റെ പേരിൽ പറയാൻ മടിക്കുന്നതെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയിൽ ബഷീർ സമൂഹത്തോട് തുറന്നുപറഞ്ഞു. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ അധ്യക്ഷയായി. ഡോ. എം എൻ കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ ഇ എൻ, ഡോ. ഖദീജ മുംതാസ്, കോർപറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ സി സന്ദേശ്, കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കെ പി തസ്‌ലീന, കെ സുരേശൻ എന്നിവർ സംസാരിച്ചു. അനീഷ് ബഷീർ സ്വാഗതവും സാഹിത്യനഗരം നോഡൽ ഓഫീസർ എ കെ സരിത നന്ദിയും പറഞ്ഞു. കുട്ടികൾക്കായി ചിത്രരചന, നാടകാവതരണങ്ങൾ, ക്വിസ് മത്സരം, ഭിന്നശേഷി കുട്ടികളുടെ സംഗമം, സാംസ്കാരിക പരിപാടികൾ എന്നിവയും നടന്നു. ആദ്യദിനത്തിൽ നാടിന്റെ നാനാദിക്കുകളിൽനിന്നുള്ള കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളുമടക്കം ബഷീറിന്റെ ഓർമ പുതുക്കാനെത്തി.











0 comments