ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
പറവൂരിൽ ആവേശത്തുടക്കം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം- പ്രതിനിധിസമ്മേളനം പറവൂരിൽ പുഷ്പൻ നഗറിൽ (മുനിസിപ്പൽ ടൗൺ ഹാൾ) അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്‌ഘാടനം ചെയ്യുന്നു
പറവൂർ
ചരിത്രഭൂമിയായ പറവൂരിന്റെ മണ്ണില്‍ അനശ്വര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണയില്‍ ഡിവൈഎഫ്ഐ 16–ാം ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു പതാക ഉയർത്തി. സഖാവ് പുഷ്പൻ നഗറിൽ (പറവൂർ മുനിസിപ്പൽ ടൗൺഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. നിഖിൽ ബാബു താൽക്കാലിക അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം അമൽ സണ്ണി രക്തസാക്ഷിപ്രമേയവും ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, എം വിജിൻ എംഎൽഎ, ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, ബിബിൻ വർഗീസ്, ഡോ. സുനിൽ പി ഇളയിടം എന്നിവർ സംസാരിച്ചു. തത്തപ്പിള്ളിയിലെ രക്തസാക്ഷി സി ആർ രതീഷിന്റെ അമ്മ സുശീല രവീന്ദ്രൻ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിനായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. നിഖിൽ ബാബു കണ്‍വീനറും കെ ടി അഖിൽദാസ്, എൻ ശ്രേഷ, ഫെബിൻ പി മൂസ, ലിജോ ജോർജ് എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സബ് കമ്മിറ്റികളും അംഗങ്ങളും: രജിസ്ട്രേഷൻ: ബിബിൻ വർഗീസ് (കൺവീനർ), ആശ ബിജുമോൻ, പി യു ജോമോൻ. പ്രമേയം: അമൽ സോഹൻ (കൺവീനർ), ആശിഷ് എസ് ആനന്ദ്, സച്ചിൻ കുര്യാക്കോസ്, ജിയോ പയസ്, ഭാഗ്യലക്ഷ്മി. മിനിറ്റ്സ്: ഷിജോ അബ്രഹാം (കൺവീനർ), കെ വി നിജിൽ, എം എസ് അജിത്ത്, ചിഞ്ചു ബി കൃഷ്ണ, റിഞ്ചുരാജ്. ക്രെഡൻഷ്യൽ: മനീഷ രാധാകൃഷ്ണൻ (കൺവീനർ), ജിത്തു ഹരിദാസ്, പി എ അഷ്‌കർ, അരുൺ അശോകൻ, ബേസിൽ ജയിംസ്.
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ കെ പി ജയകുമാർ കണക്കും അവതരിപ്പിച്ചു.
രാത്രി ഏഴുവരെ പൊതുചർച്ചയും രാത്രി അഷ്ബെൽ പീറ്റർ നയിക്കുന്ന ഗസൽസന്ധ്യയും നടന്നു. തിങ്കളാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം സമാപിക്കും. ചൊവ്വ വൈകിട്ട് നാലിന് ചേന്ദമംഗലം കവലയിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് പ്രകടനം തുടങ്ങും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ട്) ചേരുന്ന പൊതുസമ്മേളനം മുൻ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ലേബര്‍കോഡുകള്‍ ആധുനിക അടിമത്തത്തിലേക്ക് തള്ളിയിടുന്നു: എ എ റഹീം
പറവൂര്‍
കേന്ദ്ര സർക്കാരിന്റെ ലേബർകോഡുകൾ ഇന്ത്യൻ യൗവനത്തെ ആധുനിക അടിമത്തത്തിലേക്ക് തള്ളിയിടുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. ചൂഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം സഖാവ് പുഷ്പൻ നഗറില്‍ (പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള ടൗണ്‍ഹാള്‍) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലാദ്യമായി ലേബര്‍കോഡ് നടപ്പാക്കാന്‍ വിസമ്മതിക്കുകയും അതിനെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് വി ഗോപാല ഗൗഡ കമീഷനെ നിയമിക്കുകയും ചെയ്തത് പിണറായി വിജയന്‍ നയിച്ച എല്‍ഡിഎഫ് സര്‍ക്കാരാണ്. കമീഷൻ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ, ഗോപാല ഗൗഡ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. നെഹ്രുവിയന്‍ ലെഫ്റ്റാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സര്‍ക്കാരും കോറോ ഹെൽത്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ഇത്തരം വിഷയങ്ങളില്‍ നോക്കുകുത്തിയാകരുത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും.
നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് എങ്ങനെ തൊഴില്‍മേഖലയില്‍ ഉപയോഗിക്കുന്നുവെന്നതിന്റെ സൂചനമാത്രമാണ് കോറോ ഹെൽത്ത് വിഷയത്തിൽ കണ്ടത്. ലേബര്‍കോഡാണ് കോറോ ഹെൽത്ത് കമ്പനിക്ക് കൂട്ടപ്പിരിച്ചുവിടലിന് ധൈര്യം നല്‍കിയത്. ലേബര്‍കോഡുകളില്‍ ഡെലിവറി, ഗിഗ് ജീവനക്കാരൊന്നും തൊഴിലാളി എന്ന നിര്‍വചനത്തിലേക്കുപോലും വരുന്നില്ല. അഗ്നിവീര്‍ പോലുള്ള നിയമനങ്ങള്‍പോലും കരാര്‍ നിയമനമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അടിമജോലികള്‍ക്ക് ആളെക്കൂട്ടുകയാണ്. ചൂഷണത്തിനെതിരെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും റഹീം പറഞ്ഞു.









0 comments