ലൈഫ് മിഷനും സിപിഐ എമ്മും കൈകോർത്തു
കുഞ്ഞുമോന് വീടൊരുങ്ങി

ലൈഫ് മിഷൻ പദ്ധതിയും സിപിഐ എം മുട്ടം സൗത്ത്, നോർത്ത് ബ്രാഞ്ചുകളും ചേർന്ന് ചൂർണിക്കര മുട്ടം സ്വദേശി നാപ്പാട്ടിപ്പറമ്പിൽ കുഞ്ഞുമോന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എസ് സതീഷ് കെെമാറുന്നു
ആലുവ
എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിക്കൊപ്പം സിപിഐ എം മുട്ടം സൗത്ത്, നോർത്ത് ബ്രാഞ്ചുകൾകൂടി സഹകരിച്ചതോടെ കാഴ്ചപരിമിതനായ കുഞ്ഞുമോന് അന്തിയുറങ്ങാൻ സ്വന്തം വീടായി.
ചൂർണിക്കര മുട്ടം സ്വദേശി നാപ്പാട്ടിപ്പറമ്പിൽ കുഞ്ഞുമോന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, കുഞ്ഞുമോനും അമ്മയ്ക്കും കൈമാറി. എട്ടുലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയത്. വീട്ടുപകരണങ്ങൾകൂടി വാങ്ങിനൽകാനുള്ള ശ്രമത്തിലാണ് സിപിഐ എം പ്രവർത്തകർ.
ലൈഫ് മിഷനിൽ നേരത്തേ പണം അനുവദിച്ചെങ്കിലും വീടുപണി തുടങ്ങാൻ പണം ഇല്ലാതിരുന്നതോടെ കുഞ്ഞുമോൻ പ്രതിസന്ധിയിലായിരുന്നു. ഇതറിഞ്ഞതോടെയാണ് സിപിഐ എം പ്രവർത്തകർ സഹായത്തിനെത്തിയത്. താക്കോൽ കൈമാറുന്ന യോഗത്തിൽ പി ബി അഷറഫ് അധ്യക്ഷനായി.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എം സഹീർ, കെ എ അലിയാർ, അജി ഹക്കിം, ലോക്കൽ കമ്മിറ്റിയംഗം എം ടി ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ ഷമീർ പാറക്കാട്ട്, പി യു ഷെബീർ, സിപിഐ ലോക്കൽ സെക്രട്ടറി പി കെ സതീഷ് കുമാർ, വി എ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.









0 comments