ad
Deshabhimani

കണ്ണടച്ച്‌ സർക്കാർ; ട്രോളിങ്‌ നിരോധനം ലംഘിച്ച്‌ മീൻപിടിത്തം

trolling
വെബ് ഡെസ്ക്

Published on Jul 06, 2026, 03:19 AM | 1 min read

കൊച്ചി


ട്രോളിങ്‌ നിരോധനം ലംഘിച്ച്‌ ആഴക്കടലിൽനിന്ന്‌ മീനുകളെ പിടിക്കുന്നത്‌ വ്യാപകം. നിരോധനം ഫലപ്രദമായി നടപ്പാക്കാതെ സർക്കാർ കണ്ണടയ്‌ക്കുകയാണ്‌. മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്റ്റൽ പൊലീസ്‌, കോസ്റ്റ്‌ ഗാർഡ്‌ എന്നിവരുടെ കൺമുന്നിൽ നിയമലംഘനം നടക്കുന്പോഴും അനങ്ങുന്നില്ല. സർക്കാർ ഒത്താശയുള്ളതാണ്‌ കർശന നടപടികളിലേക്കും പരിശോധനകളിലേക്കും കടക്കാൻ ഇവർ തയ്യാറാകാത്തതെന്ന്‌ തൊഴിലാളികൾ പറയുന്നു.


ട്രോളിങ്‌ കാലയളവിൽ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും 12 നോട്ടിക്കൽ മൈൽവരെയാണ്‌ മീൻപിടിക്കാൻ അനുമതിയുള്ളത്‌. ട്രോളിങ്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ കലക്ടർ വിളിച്ച യോഗത്തിൽ കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തുകയാണ്‌. നിരോധനം ബാധകമല്ലാത്ത വള്ളങ്ങൾ ഉപയോഗിച്ചാണ്‌ മീൻ പിടിക്കുന്നത്‌. മത്സ്യമേഖലയിലെ ചില ഇടനിലക്കാർ സഹായവും നൽകുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ്‌ ഇതിൽ ഭൂരിഭാഗവും. വലിയ മീനുകളെ പിടിക്കുന്ന നീളമുള്ള ഒഴുക്കുവല ഉപയോഗിക്കുന്നതിനാൽ തീരത്തേക്ക്‌ ചെറുമീനുകളുടെ വരവ്‌ കുറവും. ഇത്‌ തീരപ്രദേശത്ത്‌ വള്ളങ്ങളിൽ മീൻ പിടിക്കുന്ന പരന്പരാഗത തൊഴിലാളികൾക്കും ഭീഷണിയാണ്‌. പരാതി ഉയരുന്പോൾ കണ്ണിൽ പൊടിയിടാൻ മാത്രമാണ്‌ പരിശോധനയും നടപടിയുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.​


തൊഴിലാളികൾ 
ദുരിതത്തിൽ


വിലക്ക്‌ ലംഘിച്ചുള്ള മീൻപിടിത്തത്താൽ ദുരിതത്തിലായത്‌ പരന്പരാഗത മത്സ്യത്തൊഴിലാളികൾ. കൂടുതൽ മീൻ കിട്ടുമെന്ന പ്രതീക്ഷയിൽ കടലിൽപോയ തൊഴിലാളികൾക്ക്‌ വല നിറയ്‌ക്കാനായില്ല. ട്രോളിങ്‌ നിരോധനകാലത്ത്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ സർക്കാർ വൈകിപ്പിച്ചതും ഇരുട്ടടിയായി. ആദ്യ ആഴ്ചയിൽ വിതരണം ചെയ്യേണ്ട സ‍ൗജന്യ റേഷൻ മൂന്നാഴ്ച പിന്നിട്ടിട്ടും പൂർണമായി നൽകാനായില്ല. പഞ്ഞമാസ ആനുകൂല്യവും ആദ്യഗഡു മാത്രമാണ്‌ നൽകാനായത്‌. ഇന്ധന വിലവർധനയിൽ നട്ടംതിരിഞ്ഞ തൊഴിലാളികളെ സർക്കാരും കൈയൊഴിഞ്ഞതോടെ പ്രതിസന്ധിയിലായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home