ആന്പേലിമോളം ഓട്ടത്താണി റോഡ് ശോച്യാവസ്ഥയിലായി

നിർമാണം പൂർത്തിയാകാതെ മഴയിൽ ചെളി നിറഞ്ഞുകിടക്കുന്ന ആന്പേലിമോളം - ഓട്ടത്താണി റോഡ്
പെരുമ്പാവൂർ
നാലുവർഷംമുമ്പ് നിർമാണം ആരംഭിച്ച ആന്പേലിമോളം ഓട്ടത്താണി റോഡ് പദ്ധതി പൂർത്തിയാക്കാത്തതുമൂലം സഞ്ചാരയോഗ്യമല്ലാതായി. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി, പെരുമാനി വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ആന്പേലിമോളം വാത്തിമറ്റം പെരുമാനി ഓട്ടത്താണി റോഡാണ് മഴയിൽ ചെളിനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ജനങ്ങൾ ദുരിതത്തിലായത്.
പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം 3.50 കോടി രൂപ ചെലവഴിച്ച് 5.5 കിലോമീറ്റർ ദൂരത്തിൽ 2022ലാണ് നിർമാണം ആരംഭിച്ചത്. നിർമാണത്തിന്റെ ഭാഗമായി മെറ്റൽ വിരിച്ച് അതിനുമുകളിൽ മണ്ണ് ഇട്ടിരുന്നു. മഴയത്ത് മണ്ണ് മുഴുവൻ ഒഴുകിപ്പോയി മെറ്റൽമാത്രം അവശേഷിക്കുന്ന അവസ്ഥയിലാണ്. ചില ഭാഗങ്ങളിൽ മെറ്റലും മഴയത്ത് ഒലിച്ചുപോയി. ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്.
നാട്ടുകാർ പലപ്രാവശ്യം ബെന്നി ബെഹനാൻ എംപിക്കും വെങ്ങോല പഞ്ചായത്തിനും പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എം പി സുരേഷ് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.











0 comments