കാണേണ്ടവർ കാണുന്നില്ല കാസർകോട്ടെ ‘കന്നുകാലി’ സ്‌റ്റാൻഡ്

കാസർകോട് പേര് കേൾക്കുമ്പോൾ ഭയങ്കര പകിട്ടാണ്; ‘പുതിയ’ ബസ്‌സ്റ്റാൻഡ്, എന്നാൽ എത്തിപ്പെട്ടാലോ, ചാണകം ചവിട്ടാതെ നടക്കാനാവില്ല. ഇൗച്ചയും അഴുക്കും മുറിക്കിത്തുപ്പലും ഇല്ലാത്തൊരിടത്ത് ഇരിക്കാനുമാവില്ല. വൃത്തിഹീനമാണ് അവസ്ഥ. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിന്റെ ശോച്യാവസ്ഥയിൽ നടപടിയെടുക്കാതെ നഗരസഭ. ജില്ലാ ആസ്ഥാനത്തെ ഏറ്റവും തിരക്കേറിയൊരിടമാണിത്. നേരമിരുട്ടുമ്പോഴും രാവിലെയും ചിലപ്പോൾ പകൽ സമയത്തും പശുത്തൊഴിത്തിനു സമാനമാണ് ബസ്‌ബേ. കന്നുകാലികൾ കൂട്ടത്തോടെ എത്തുന്നതുമാത്രമല്ല പ്രശ്‌നം. പാതകളിലും പ്ലാറ്റ്‌ഫോമിലും ഇരിപ്പിടങ്ങൾക്കു സമീപത്തുമെല്ലാം യാത്രക്കാർക്ക് ചാണകം ചവിട്ടാതെ നടക്കാനുമാവുന്നില്ല. നിരവധി ഭക്ഷണശാലകൾ ഉൾപ്പെടെ തുറന്നുവെച്ചിരിക്കുന്നിടത്താണ് ദുസ്ഥിതി. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മാത്രമല്ല, വലിയ തുക നഗരസഭയ്‌ക്ക് വാടക നൽകി കച്ചവടം ചെയ്യുന്നവർക്കും അസഹനീയമാണിത്. സംസ്ഥാനത്തുതന്നെ ഇത്രയും വൃത്തിഹീനമായ ബസ്‌സ്‌റ്റാൻഡ് വേറൊന്നുണ്ടാവില്ല എന്നാണ് ദിനേന വന്നുപോകുന്നവർ പറയുന്നത്. പരിസരശുചിത്വം ഉറപ്പാക്കുന്നതിൽ പുതിയ ഭരണസമിതിയും അമ്പേ പരാജയമാണെന്നാണ് ചുരുങ്ങിയകാലംകൊണ്ടുതന്നെ തെളിയിക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പറഞ്ഞിരുന്നത്. അതും പാലിക്കപ്പെട്ടില്ല. ബസ്‌സ്റ്റാൻഡിലെ ശുചിമുറികളുടെ കാര്യവും പരിതാപകരമാണ്.










0 comments