നാട്ടിപ്പാട്ടിന്റെ ഇൗണത്തിൽ അരവത്ത് കാർഷികോത്സവം

ഉദുമ കാർഷിക സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ഈടുവയ്‌പ്പായി നാട്ടിപ്പാട്ടിന്റെ ആവേശത്തിൽ അരവത്ത് മുക്കുണ്ട് വയലിൽ കാർഷികോത്സവം. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ ഉദുമ, പള്ളിക്കര പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുമായിചേർന്നാണ് നാട്ടി കാർഷിക പാഠശാല -2026 ഒരുക്കിയത്. കാർഷികക്കൂട്ടായ്മ, ഞാറുനടീൽ, നാട്ടിപ്പാട്ട്, വിത്താൾ പുരസ്കാരം സമർപ്പണം, കാർഷിക മത്സരങ്ങൾ, പരമ്പരാഗത കർഷകരെ ആദരിക്കൽ എന്നിവയും നടത്തി. കുട്ടികളും വിവിധ സംഘടനകളും നാട്ടുകാരുംചേർന്ന് ആറേക്കർ വയലിൽ ഞാറുനട്ടു. രാവിലെ ഘോഷയാത്രയോടെയായിരുന്നു തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഫ്ലാഗ്ഓഫ്ചെയ്തു. രാജ്മോഹൻഉണ്ണിത്താൻ എംപി ഉദ്ഘാടനവും പുലരി വിത്താൾ പുരസ്കാര വിതരണവും നിർവഹിച്ചു. കെ നീലകണ്ഠൻ എംഎൽഎ പുലരി ഹരിതശ്രീ പുരസ്കാര വിതരണം നിർവഹിച്ചു. സത്യനാരായണ ബലേരി നാടൻ നെൽവിത്ത് സംരക്ഷണ പദ്ധതിയായ ‘നുരിയിട്ട് നന്മയ്ക്ക് കാവലായ്’ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി രാജേന്ദ്രൻ, ടി ശോഭന എന്നിവർ സംസാരിച്ചു. അഞ്ഞൂറിലധികം വിദ്യാർഥികൾ വയലിൽ അണിനിരന്നു. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പതാകകൾനാട്ടി. ശിവാനന്ദ പുത്തിഗെ (നെൽക്കർഷകൻ), കെ യമുന കവ്വായി, കാഞ്ഞങ്ങാട്, കുറ്റിക്കോൽ ജീവനം ജൈവ വൈവിധ്യസമിതി എന്നിവർക്ക് പുലരി വിത്താൾ പുരസ്കാരവും കെ ടി സന്തോഷ് കുമാർ (സർപ്പ ജില്ലാ കോ–ഓഡിനേറ്റർ), ശ്യാകുമാർ പുറവങ്കര (പക്ഷി നിരീക്ഷകൻ), രാജു കിടൂർ (പരിസ്ഥിതി പ്രവർത്തകൻ), സി ആർ അശ്വഘോഷ് (ശലഭ ഗവേഷകൻ), പി കെ മുകുന്ദൻ (പരിസ്ഥിതി പ്രവർത്തകൻ, ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ), വി എം അഖില (ജില്ലാ ജൈവ വൈവിധ്യ ബോർഡ് കോ ഓഡിനേറ്റർ) എന്നിവർക്ക് ഹരിതശ്രീ പുരസ്കാരവും സമ്മാനിച്ചു.










0 comments