ad
Deshabhimani

കരാറുകാരന്റെ അനാസ്ഥ കാരാക്കോട് പാലംപണി പാതിവഴിയിൽ

കരാറുകാരന്റെ അനാസ്ഥയിൽ പാതിവഴിയിൽ നിർമാണം നിലച്ച കാരാക്കോട് പാലം
വെബ് ഡെസ്ക്

Published on Jul 06, 2026, 03:00 AM | 1 min read

മടിക്കൈ കാരക്കോട് പാലം നിർമാണം പാതിവഴിയിൽ നിലച്ചു. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ്‌ എൽഡിഎഫ്‌ സർക്കാർ പാലത്തിന്‌ ഫണ്ട്‌ അനുവദിച്ചതും നിർമാണം തുടങ്ങിയതും. കരാറുകാരന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായി. പണിനിലച്ച് ആറുമാസമായതോടെ കരാറുകാരന് നോട്ടീസ് നൽകിയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലത്തിന്റെ കൈവരിയും ഇരുഭാഗത്തെ സമീപ റോഡുകളുമാണ് പൂർത്തിയാക്കാനുള്ളത്. 1974-ൽ നിർമിച്ച ട്രാക്ടർവേയിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2023 ലെ ബജറ്റിൽ ഇടതു സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചത്. 4.75 കോടിയുടെ നിർമാണാനുമതി ലഭിച്ച പദ്ധതി 3.68 കോടി രൂപയ്ക്ക് നിർമാണകരാർ ഉറപ്പിച്ചു. എന്നാൽ, പണി നിലച്ചതോടെ വാഹനഗതാഗതം ദുഷ്കരമായിരിക്കുകയാണ്. പാലത്തിനിരുവശത്തും മണ്ണിട്ട് ഉയർത്തിയാണ് താൽക്കാലിക ഗതാഗത സൗകര്യമൊരുക്കിയത്. ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാൻ പ്രയാസമാണ്. മഴ കനത്തതോടെ മണ്ണൊലിച്ചുപോയി. വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. 80 ശതമാനം പണി തീർന്നുവെന്നും ജോലിക്കാരെ കിട്ടാത്തതാണ് പണിതീരാൻ വൈകിയതെന്നും കരാറുകാരൻ പറയുന്നു. എന്നാൽ സമയബന്ധിതമായി പണി തീർക്കാൻ കരാറുകാരൻ ബാധ്യസ്ഥനാണെന്നും, നോട്ടീസ് നൽകിയതല്ലാതെ ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. വലിയ പ്രയത്നങ്ങളുടെ ഫലമായാണ് പാലം നിർമാണം ആരംഭിച്ചത്. 2024 മാർച്ച് 9ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിലൂടെയാണ് നിർമാണോദ്ഘാടനം നടത്തിയത്. രണ്ടുവർഷം കഴിഞ്ഞിട്ടും 80 ശതമാനം പണി മാത്രമാണ് തീർത്തത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി പ്രഭാകരൻ, നിർമാണ കമ്മിറ്റി ചെയർമാൻ കെ നാരായണൻ, കൺവീനർ പി വിജയൻ, പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രകാശൻ എന്നിവർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home