ad
Deshabhimani

print edition ആവേശപ്പോരിൽ 
മൊറോക്കോ

morroco

Photo:FIFA

വെബ് ഡെസ്ക്

Published on Jun 26, 2026, 12:49 AM | 1 min read

അറ്റ്‌ലാന്റ : പൊരുതിക്കളിച്ച ഹെയ്‌തിയെ 4–2ന്‌ മറികടന്ന്‌ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ലോകകപ്പ്‌ നോക്ക‍ൗട്ടിൽ പ്രവേശിച്ചു. ഗ്രൂപ്പ്‌ ‘സി’യിൽ ബ്രസീലിന്‌ പിന്നിൽ രണ്ടാമതായാണ്‌ മുന്നേറ്റം. രണ്ട്‌ തവണ പിന്നിൽ നിന്നശേഷമായിരുന്നു മൊറോക്കോയുടെ വിജയം. ഗ്രൂപ്പ്‌ എഫ്‌ ചാന്പ്യനാണ്‌ റ‍ൗണ്ട്‌ ഓഫ്‌ 32വിൽ എതിരാളി.


1974ന്‌ ശേഷം ലോകകപ്പിൽ ആദ്യമായി ഗോൾ കണ്ടെത്തിയ ആശ്വാസത്തിൽ ഹെയ്‌തിക്ക്‌ നാട്ടിലേക്ക്‌ തിരിക്കാം. ഇ‍ൗ ലോകകപ്പിലെ 10–ാം പിഴവ്‌ ഗോളിലാണ്‌ ഹെയ്‌തി മുന്നിലെത്തിയത്‌. ബോക്‌സിനുള്ളിൽ വച്ച്‌ ഹെയ്‌തി മുന്നേറ്റതാരം ലെന്നി ജോസഫിന്റെ ബാക്ക്‌ ഹീൽ ഫ്ലിക്ക്‌ മൊറോക്കോ ഗോളി യാസിൻ ബോനോയുടെ ദേഹത്ത്‌ തട്ടി സ്വന്തം വലയിലേക്ക്‌ കയറുകയായിരുന്നു.


39–ാം മിനിറ്റിൽ സൂപ്പർതാരം അഷ്‌റഫ്‌ ഹക്കീമി മൊറോക്കോയെ ഒപ്പമെത്തിച്ചു. നാല്‌ മിനിറ്റിനുള്ളിൽ തകർപ്പൻ ലോങ്‌റേഞ്ച്‌ ഷോട്ടിലൂടെ വിൽസൻ ഇസിദോർ ഹെയ്‌തിയുടെ ലീഡ്‌ തിരിച്ചുപിടിച്ചു. ആദ്യ പകുതിയുടെ പരിക്ക്‌ സമയത്ത്‌ ഹക്കീമിയുടെ പാസിൽ നിന്ന്‌ ഇസ്‌മായിൽ സയ്‌ബാരി ലക്ഷ്യം കണ്ടതോടെ മൊറോക്കോ വീണ്ടും ഒപ്പമെത്തി.


രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ആഫ്രിക്കൻ ചാന്പ്യൻമാർ 78–ാം മിനിറ്റിൽ മത്സരത്തിലാദ്യമായി മുന്നിലെത്തി. കോർണർ കിക്കിൽ നിന്ന്‌ സുഫിയാൻ റഹീമിയാണ്‌ മൂന്നാം ഗോൾ നേടിയത്‌. കളിയവസാനിക്കാൻ ഒരു മിനിറ്റ്‌ ശേഷിക്കെ ഇരുപതുകാരൻ ഗെസിം യാസിൻ മൊറോക്കോയുടെ പട്ടിക തികച്ചു. ഗോളി ജോണി പ്ലസൈഡിന്റെ മികവാണ്‌ വന്പൻ തോൽവിയിൽ നിന്ന്‌ ഹെയ്‌തിയെ രക്ഷിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home