ഫിഫ ക്ലബ് വേൾഡ് കപ്പ്: ഇന്റർ മിലാനെ തളച്ച് മോണ്ടെറി; ഡോർട്ട്മുണ്ടിനും സമനില

കാലിഫോർണിയ: ഫിഫ ക്ലബ് വേൾഡ് കപ്പിൽ കരുത്തരായ ഇന്റർ മിലാന് സമനില കുരുക്ക്. ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റർ മിലാനെ മെക്സിക്കൻ ടീമായ മോണ്ടെറിയാണ് (1-1) സമനിലയിൽ തളച്ചത്. കളിയുടെ നിയന്ത്രണം ഇറ്റാലിയൻ വമ്പന്മാർക്കായിരുന്നെങ്കിലും മോണ്ടെറിയാണ് ആദ്യ ഗോൾ നേടിയത്. കളിയുടെ 25-ാം മിനിറ്റിൽ സൂപ്പർ താരം സെർജിയോ റാമോസ് ഹെഡറിലൂടെയാണ് ടീമിനെ മുന്നിലെത്തിച്ചത്. ടീമിന് ലഭിച്ച കോർണർ കിക്ക് റാമോസ് ഗോളാക്കി മാറ്റുകയായിരുന്നു.
ഗോൾ വഴങ്ങിയതിന് പിന്നാലെ ഇന്റർ കളിയിലേക്ക് തിരിച്ചുവന്നു. 42-ാം മിനിറ്റിൽ ക്യാപ്റ്റൻ ലൗറ്റാരോ മാർട്ടിനെസ് ടീമിന് സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. പോസ്റ്റ് ലക്ഷ്യമാക്കി ഇന്റർ മിലാൻ 15 തവണയും മോണ്ടെറി 11 തവണയും ഷോട്ട് പായിച്ചു.
ഗൂപ്പ് ഇ യിലെ മാറ്റൊരു മത്സരത്തിൽ റിവർ പ്ലേറ്റ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉർവ റെഡ് ഡയമണ്ട്‌സിനെ തോൽപ്പിച്ചു.അർജന്റീനൻ ക്ലബായ റിവർ പ്ലേറ്റിന് വേണ്ടി കോലിഡിയോ, മാക്സ്മിലാനോ മെഹ്‌സ, സെബാസ്റ്റിയൻ എന്നിവർ ഗോളുകൾ കണ്ടെത്തി. ജപ്പാൻ ക്ലബായ ഉർവയ്ക്ക് വേണ്ടി മാറ്റ്സുവോ ആണ് ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് ബ്രസീലിയൻ ക്ലബായ ഫ്‌ളുമിനൻസ് എഫ്‌സിയുമായി ഗോൾ രഹിത സമനില വഴങ്ങി.
അതേസമയം മാഞ്ചസ്‌റ്റർ സിറ്റി വിദാദ് എഫ്‌സിയുമായി ഇന്ന് കളിക്കും. രാത്രി 9.30നാണ് മത്സരം. കരുത്തരായ റയൽ മാഡ്രിഡ് സൗദി അറേബ്യൻ ശക്തികളായ അൽ ഹിലാലും തമ്മിലുള്ള പോരാട്ടവും ഇന്നാണ്. രാത്രി 12.30നാണ് കളി.









0 comments