print edition കോച്ചിന്റെ അവഗണന, അവസരമില്ല ; സലാ ലിവർപൂൾ വിടുന്നു

ലണ്ടൻ
മുഹമ്മദ് സലാ ലിവർപൂൾ വിടാനൊരുങ്ങുന്നു. പരിശീലകൻ ആർണെ സ്ലോട്ടുമായുള്ള കടുത്ത ഭിന്നതയാണ് മുന്നേറ്റക്കാരനെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്. ലിവർപൂളിന്റെ അവസാന മൂന്ന് കളിയിലും മുപ്പത്തിമൂന്നുകാരൻ ബെഞ്ചിലാണ്. നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ സീസണിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. പരിശീലകൻ സ്ലോട്ടാകട്ടെ സലാ ഉൾപ്പെടുന്ന മുതിർന്ന താരങ്ങളെ പഴിചാരുകയും ചെയ്‌തു.
ടീമിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സലാ. 2017ൽ ആൻഫീൽഡിൽ എത്തിയശേഷം 420 കളിയിൽ 250 ഗോളടിച്ചു. ചാമ്പ്യൻസ് ലീഗുൾപ്പെടെ എട്ട് ട്രോഫികളുമുയർത്തി.
ഏറ്റവും ഒടുവിൽ ലീഡ്‌സ് യുണൈറ്റഡിനെതിരായ കളിയിൽ സലായെ പകരക്കാരനായും കളത്തിലിറക്കിയില്ല. കഴിഞ്ഞ സീസണിൽ ഗോളടിയിലും ഗോൾസഹായത്തിലും ഒന്നാമതായിരുന്നു. 29 ഗോളടിച്ചപ്പോൾ 18 എണ്ണത്തിന് സഹായമൊരുക്കി. ‘എല്ലാ പഴിയും എന്റെ പേരിലാക്കാൻ ആരോ ശ്രമിക്കുന്നുണ്ട്. ക്ലബ് നീതി പുലർത്തിയില്ല’–സലാ പറഞ്ഞു.
ലീഡ്‌സിനെതിരെ ലിവർപൂൾ 3–3ന് കുരുങ്ങി.









0 comments