Deshabhimani

'ഞാൻ എന്തിന് പ്രതീക്ഷ കൈവിടണം ഇപ്പോഴും മികച്ച ഫോമിൽ'; തിരിച്ചുവരവ് ലക്ഷ്യമിട്ട് മുഹമ്മദ് ഷമി

shami

മുഹമ്മദ് ഷമി| Photo: AFP

വെബ് ഡെസ്ക്

Published on Oct 21, 2026, 08:04 AM | 1 min read

കൊൽക്കത്ത : ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷ കൈവിടാതെ പേസർ മുഹമ്മദ് ഷമി. താൻ ഇപ്പോഴും കരിയറിലെ മികച്ച ഘട്ടത്തിലാണെന്നും പൂർണ കായികക്ഷമതയോടെ പന്തെറിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളിൽ ഇടം ലഭിക്കാത്തതിൽ നിരാശയില്ലെന്നും ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കുകയാണ് ലക്ഷ്യമെന്നും ഷമി പറഞ്ഞു.


'ഞാൻ എന്തിന് പ്രതീക്ഷ കൈവിടണം? ഏത് മേഖലയിലായാലും ലക്ഷ്യം വേണം'. രഞ്ജി ട്രോഫിയിൽ കളിക്കുന്നത് സംസ്ഥാനത്തിനായി കിരീടം നേടാനാണ്. എനിക്കും ആ ലക്ഷ്യമുണ്ട്,' സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുശേഷം ഷമി പറഞ്ഞു.


2025 മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂർണമെന്റിൽ ഒൻപത് വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളായിരുന്നു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ചെങ്കിലും ദേശീയ ടീമിൽ ഇടം നേടിയിട്ടില്ല.


തന്റെ കായികക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഷമി മറുപടി നൽകി. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചായതിനാൽ സർവീസസിനെതിരായ മത്സരത്തിൽ പന്തെറിയാതെ യുവതാരങ്ങൾക്ക് അവസരം നൽകുകയായിരുന്നുവെന്ന് വ്യക്തമാക്കി.


ദുലീപ് ട്രോഫിയിൽ ഏഴ് വിക്കറ്റുകൾ നേടിയ ഷമി, ഡൽഹിക്കെതിരായ രഞ്ജി മത്സരത്തിൽ അഞ്ച് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിനും സഹായിക്കുമെന്നും താരം പറഞ്ഞു.


നാലു വർഷത്തിനുശേഷം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വറിനെ ഷമി അഭിനന്ദിച്ചു. 2027ലെ ഏകദിന ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. തന്റെ കഴിവും കായികക്ഷമതയും മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home