പാലക്കാട് കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ വെച്ച സ്വർണം മോഷണം പോയി

പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ വെച്ച സ്വർണം മോഷണം പോയതായി പരാതി. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിനു പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്ന് കുടുംബം പറയുന്നു. 7 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലിശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
കള്ളനെ പേടിച്ച് വീട്ടിലുണ്ടായിരുന്ന സ്വർണം അലമാരയ്ക്കു മുകളിലാണ് വെച്ചത്. കഴിഞ്ഞ ഒരാഴ്ച മുൻപു വരെ സുരക്ഷിതമായി സ്വർണം അലമാരയ്ക്കു മുകളിലുണ്ടായിരുന്നു. അലമാരയ്ക്ക് ഉയരം കൂടുതലുള്ളതിനാൽ പുറത്തുനിന്നും കസേര എടുത്തുകൊണ്ടു വന്നാണ് സ്വർണം കൊണ്ടുപോയിരിക്കുന്നത്. വീടിന്റെ വാതിലോ പൂട്ടോ ഒന്നും തകർത്തിട്ടില്ല. അലമാരയ്ക്ക് അകത്തു വെച്ച 1000 രൂപയും കൊണ്ടുപോയെന്ന് വീട്ടുമട ഹംസ പറഞ്ഞു.
വീടും പരിസരവും വ്യക്തമായി അറിയുകയും സ്വർണം അലമാരയ്ക്കു മുകളിലാണ് വെയ്ക്കുന്നതെന്ന് അറിവുമുള്ള ആളാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.








0 comments